ദുരന്ത നിവാരണം; ജില്ലയില്‍ സന്നാഹങ്ങള്‍ ഒരുക്കി
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ ദുരന്ത നിവാരണ വിഭാഗം സജ്ജമായതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
എല്ലാ താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊലീസ്/അഗ്നി സുരക്ഷാ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനനിരതമാണ്.
ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യം വരുന്ന മുറയ്ക്ക് വിന്യസിക്കും. കെ എസ് ഇ ബി യുടെയും പൊതുമരാമത്തു വകുപ്പിന്റെയും കാര്യാലയങ്ങളില്‍ അടിയന്തര റിപ്പയര്‍ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
നാലുതരത്തിലുളള ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഏത് സമയത്തും പ്രവര്‍ത്തനസജ്ജമാവും. ഉരുള്‍ പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ/ജാഗ്രതാ നിര്‍ദേശം നല്‍കി ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. എല്ലാ വിധത്തിലുമുള്ള ഖനന പ്രവര്‍ത്തനങ്ങളും ഇനിയൊരറിയിപ്പുണ്‍ാകുന്നതുവരെ നിരോധിച്ചു.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പരാജയപ്പെടുന്നപക്ഷം പകരം അടിയന്തര വാര്‍ത്താ വിനിമയ സംവിധാനം ഏര്‍പ്പെടുത്താന്‍ ബി എസ് എന്‍ എല്ലിനെ ചുമതലപ്പെടുത്തി.
എല്ലാ സാമൂഹ്യ/പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും താലൂക്ക് തലത്തില്‍ ഓരോ എമര്‍ജെന്‍സി മെഡിക്കല്‍ ടീമിനെയും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ എസ് ആര്‍ ടി സി ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആഗസ്റ്റ് 13 വരെ കായലിലെയും പുഴകളിലേയും മറ്റു ജലാശയങ്ങളിലേയും മത്സ്യബന്ധനം ഒഴിവാക്കാനും നിദേശിച്ചിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2123/2020)
- Log in to post comments