പുനരധിവാസ ക്യാമ്പുകളും വെള്ളം കയറിയ പ്രദേശങ്ങളും എംഎല്‍എമാരും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു
റാന്നി, ആറന്മുള, തിരുവല്ല, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലെ വെള്ളം കയറിയ പ്രദേശങ്ങളും വിവിധയിടങ്ങളിലെ ക്യാമ്പുകളും രാജു എബ്രഹാം എംഎല്‍എയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്ദര്‍ശിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു ഓഫീസറും 22 അംഗങ്ങളും മൂന്നു ബോട്ടും അടങ്ങുന്ന ടീം റാന്നിയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. അടവിയില്‍ നിന്നും എട്ട് കുട്ടവഞ്ചിയും രക്ഷാപ്രവര്‍ത്തനത്തിനായി റാന്നിയില്‍ എത്തിച്ചിട്ടുണ്ട്. റാന്നിയില്‍ രണ്ട് പെട്രോള്‍ പമ്പില്‍ ഇന്ധനം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ നദികളില്‍ ശക്തമായ ഒഴുക്ക് ഇപ്പോഴും നിലനില്‍ക്കുന്നതിനാലും ഇന്ന് (9) ന്യൂനമര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.
മല്ലപ്പുഴശേരി പഞ്ചായത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആറന്മുള ഗവ. വിഎച്ച്എസ്എസില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മാലക്കര, കോഴിപ്പാലം എന്നീ സ്ഥലങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലം ജില്ലയില്‍ നിന്നും എത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്നും അഞ്ച് വള്ളങ്ങള്‍ എത്തിക്കുമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സഹായത്തോടെ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല സെന്റ് തോമസ് എച്ച്എസ്എസിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 201 പേര്‍ ഇതിനോടകം തന്നെ താമസിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവല്ല നെടുമ്പ്രത്ത് അതിശക്തമായി വെള്ളം കയറുന്നുണ്ട്. ഗതാഗത തടസം വലിയ രീതിയില്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്.
മഴ ശക്തമായി ഇനിയും പെയ്താല്‍ ചിലപ്പോള്‍ പമ്പ ഡാം തുറക്കേണ്ട സ്ഥിതി വന്നേക്കാമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇപ്പോള്‍ പമ്പ ഡാം ബ്ലൂ അലര്‍ട്ടിലാണ്. ഡാമിലെ വെള്ളത്തിന്റെ അളവ് മൂന്ന് അടി കൂടി വര്‍ധിച്ചാല്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യം വരും. മുന്നറിയിപ്പുകള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, മുന്‍ എംഎല്‍എ എ. പത്മകുമാര്‍, റാന്നി തഹസീല്‍ദാര്‍ ജോണ്‍ പി. വര്‍ഗീസ്, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, തിരുവല്ല തഹസീല്‍ദാര്‍ മിനി കെ. തോമസ്, ആറന്മുള എസ്.ഐ സി.കെ. വേണു, റാന്നി എസ്‌ഐ കെ.എസ്. വിജയന്‍, മലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ഡി എം ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബാബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments