Skip to main content

കരിപ്പൂര്‍ വിമാന അപകടം : നാല് കുട്ടികളുള്‍പ്പെടെ 18 പേര്‍  മരിച്ചു

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപടത്തില്‍ നാല് കുട്ടികളുള്‍പ്പടെ 18 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ വിമാനത്തിലെ ജീവനക്കാരാണ്. മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും  മരിച്ചു.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രി അപകടത്തില്‍പ്പെടുന്നത്. അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യു, സി.ഐ.എസ്.എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്സി-സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി.

അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേര്‍ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date