വെള്ളപ്പൊക്ക സാധ്യത: കോഴഞ്ചേരി താലൂക്കില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു- വീണാ ജോര്‍ജ് എംഎല്‍എ
വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് കോഴഞ്ചേരി താലൂക്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ജലനിരപ്പ് ഉയരാനുള്ള സാധ്യത സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. സിവില്‍ ഡിഫന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സഹായത്തോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചത്. കൊല്ലത്തു നിന്ന് എത്തിച്ച രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ പമ്പാനദിയുടെ തീരത്ത് വിന്യസിച്ചിട്ടുണ്ട്. കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വള്ളം ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നവര്‍ ഇത്തവണയും ഉള്ളത് കൂടുതല്‍ പ്രയോജനകരമാകും.
ഇടയാറന്മുള, മാലക്കര എന്നീ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ സഹായത്തോടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിട്ടുള്ളവര്‍ക്ക് മുന്‍കരുതലായി ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൃത്യസമയത്ത് നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
- Log in to post comments