Skip to main content

പമ്പാ ഡാമിന്റെ ആറു ഷട്ടറുകള്‍ തുറക്കുന്നതിന് അനുമതി

പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പമ്പാ ഡാമിന്  റെഡ് അലര്‍ട്ട് നല്‍കാതെ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11 ന് ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ്  ഉത്തരവായി.
പമ്പാ നദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും, അപകടസാധ്യതയുള്ള പക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പമ്പാ നദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണം. ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി എന്നിവര്‍ ഉറപ്പുവരുത്തണം. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ (തിരുവല്ല സബ് കളക്ടര്‍, അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
 

date