Skip to main content

അജൈവ പാഴ്‌വസ്തുക്കളുടെ പരിപാലനം;  നാഷണല്‍ വെബിനാര്‍ ഇന്ന് (ആഗസ്റ്റ് 08)

 

 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാത്യകാപരമായി ശുചിത്വ മാലിന്യ സംസ്‌കരണം നടത്തുന്ന ഹരിത കര്‍മ്മ സേനകളെ കുറിച്ച് ഹരിതകേരള മിഷനും കില, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സെഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ പരമ്പരയില്‍ ഇന്ന് (ആഗസ്റ്റ് 8)  ഉച്ചക്ക്  2.30 മുതല്‍ 4.30 വരെ നടക്കുന്ന ഫേസ്ബുക്ക് ലൈവ് പരിപാടിയില്‍ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും സംബന്ധിച്ച് വടകര മുന്‍സിപ്പാലിറ്റി അവതരണം നടത്തുന്നു.

 

ഈ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും കരുളായി (മലപ്പുറം), ആലക്കോട് (ഇടുക്കി), ആര്യാട് (ആലപ്പുഴ), തുമ്പമണ്‍ (പത്തനംതിട്ട), കടയ്ക്കല്‍(കൊല്ലം) എന്നീ ഗ്രാമപഞ്ചായത്തുകളും അവതരണങ്ങള്‍ നടത്തും. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍  മീര്‍ മുഹമ്മദ് അലി ആമുഖാവതരണം നടത്തും. യു.എന്‍.ടി.പി, യു.എന്‍ ഹാബിറ്റാറ്റ് ഇന്ത്യ, ക്ലീന്‍ കേരള കമ്പനി, ഹരിതകേരള മിഷന്‍ എന്നിവിടങ്ങളിലെ വിദഗ്ധര്‍ പാനലിസ്റ്റുകളായി പങ്കെടുക്കും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഹരിത കര്‍മ്മസേനകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനും വിവരങ്ങള്‍ മനസിലാക്കുന്നതിനും പരിപാടി സഹായകമാകും.

 

2018 ജനുവരിയിലാണ് വടകര ഹരിയാലി ഹരിത കര്‍മ്മസേന ഓരോ മാസവും കലണ്ടര്‍ അടിസ്ഥാനത്തില്‍ ഓരോ തരം പാഴ് വസ്തുക്കള്‍ എടുക്കുന്ന രീതി ആരംഭിച്ചത്. 63 അംഗങ്ങളുള്ള ഹരിത കര്‍മ്മസേനയിലെ ഒരംഗത്തിന് മാസം ശരാശരി 10,000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. മുന്‍സിപ്പാലിറ്റിയിലെ 92 ശതമാനം വീടുകളും സ്ഥാപനങ്ങളും യൂസര്‍ ഫീ നല്‍കി ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. തരം തിരിച്ച പാഴ് വസ്തുക്കളുടെയും ടാറിങ്ങിന് ഉപയോഗിക്കുന്ന പൊടിച്ച പ്ളാസ്റ്റിക്കിന്റെയും വിപണനത്തിലൂടെ 18 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു.

 

പരിശീലനം ലഭിച്ച ഹരിത കര്‍മ്മ സേനയിലെ അഞ്ച് അംഗങ്ങള്‍ കുടുംബശ്രീ മിഷന്റെ സഹായത്തോടെ ആരംഭിച്ച ഗ്രീന്‍ ഷോപ്പില്‍ വിവിധ തരം സഞ്ചികളുടെയും പ്രക്യതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണവും നടക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര ലക്ഷം മാസ്‌ക്കുകളും ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ചു നല്‍കി. ഈ പ്രവര്‍ത്തനങ്ങളിലൂടെ എട്ട് ലക്ഷം രൂപയുടെ വരുമാനമാണ് ഇവര്‍ക്ക് ലഭിച്ചത്. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പ്ലേറ്റ്, ഗ്ലാസ് എന്നിവ വാടകയ്ക്ക് നല്‍കുന്ന റെന്റ് ഷോപ്പ്, പഴയ ഉപകരണങ്ങള്‍ നന്നാക്കി പുനരുപരോഗത്തിന് നല്‍കുന്ന റിപ്പയര്‍ ഷോപ്പ്, സ്വാപ്പ് ഷോപ്പ്, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രീന്‍ ആര്‍മി, മാലിന്യ സംസ്‌കരണത്തിനും കിണര്‍ റീചാര്‍ജ്, ഊര്‍ജ്ജ സംരക്ഷണം, സൗരോര്‍ജ്ജം തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമുള്ള ഗ്രീന്‍ ടെക്‌നോളജി സെന്റര്‍, ജലാശയങ്ങളിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ബോട്ട് എന്നിവയും ഹരിയാലി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 2018 ജനുവരി മുതല്‍ 1.76 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കി  മികച്ച സംരംഭമായി മാറാനും ഹരിയാലി ഹരിത കര്‍മ്മ സേനയ്ക്ക് കഴിഞ്ഞു. ഇവരുടെ മികവ് പരിഗണിച്ച് മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ഹരിത സഹായ സ്ഥാപനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

പരിപാടി ഹരിതകേരള മിഷന്റെയും കിലയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/harithakeralamission epw youtube.com/harithakeralamission,

youtube.com/kilatcr, യൂട്യൂബ് ചാനലുകളും സന്ദര്‍ശിച്ച് പരിപാടി കാണാം.

 

 

date