Skip to main content

ആഗസ്റ്റ് 9 വരെ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്: കനത്ത ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

 

 

 

അടുത്ത ദിവസങ്ങളില്‍  അതിതീവ്ര മഴയും ഒറ്റപ്പെട്ട അതിശക്തമായ മഴ വ്യാപകമായി ലഭിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഏതാനും ദിവസങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മഴ ഏത് സമയം വേണമെങ്കിലും ശക്തിപ്പെട്ടേക്കാം.

 

രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം.

 

ഓഗസ്റ്റ് 9 വരെ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുവാന്‍ സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി വെക്കേണ്ടതാണ്. ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി ഇരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. .

 

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, ചില്ലകള്‍ ഒടിഞ്ഞു വീണും, പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുളളതായും കലക്ടര്‍ മുന്നറിയിപ്പു നല്‍കി.

 

date