Skip to main content

കോവിഡ് 19: ബാങ്കുകള്‍ക്ക് പ്രത്യേക നിര്‍ദേശം

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ബാങ്ക് മേധാവികളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
നിര്‍ദേശങ്ങള്‍;
പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ ഒരേ സമയം അഞ്ച് പേരെയോ ബാങ്കിലെ ജീവനക്കാരുടെ എണ്ണവും സ്ഥല സൗകര്യവും പരിഗണിച്ചോ അകത്ത് പ്രവേശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ബാങ്ക് മാനേജര്‍മാര്‍ സ്വീകരിക്കണം.
ബാങ്കില്‍ എത്തിച്ചേരുന്ന ഇടപാടുകാര്‍ ബാങ്കിനുള്ളിലും പരിസരത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ക്യൂ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ബാങ്കിലെ ഉദ്യോഗസ്ഥന് ചുമതല നല്‍കുകയും വേണം.
ഇടപാടുകാര്‍ നില്‍ക്കേണ്ട സ്ഥലം ബാങ്കിനുള്ളിലും പുറത്തും പ്രത്യേകം മാര്‍ക്ക് ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബാരിക്കേഡ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്.
ബാങ്കുകളില്‍ എത്തിച്ചേരുന്ന സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ഇടപാടുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 'ഓണ്‍ലൈന്‍ സന്ദര്‍ശക രജിസ്റ്റര്‍' സംവിധാനം ഉപയോഗപ്പെടുത്തുകയും covid19jagratha.kerala.nic.in ല്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. അല്ലാത്തവര്‍ ബന്ധപ്പെട്ട സൈറ്റില്‍  ന്യൂ എന്‍ട്രി ടാബ് സെലക്ട് ചെയ്ത് ഡാറ്റ എന്‍ട്രി നടത്തണം. അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
65 വയസ്സിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ബാങ്കുകളില്‍ അധികനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്.
ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ എത്തിച്ചേരുന്നതിന് സമയക്രമം മുന്‍കൂട്ടി അറിയിച്ച് ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം.
നേരിട്ട് ബാങ്കില്‍ എത്തേണ്ടതല്ലാത്ത ഇടപാടുകാരെ ബാങ്കുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ബാങ്ക് ബാലന്‍സ് സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഫോണ്‍ മുഖാന്തരം ഇടപാടുകാരെ അറിയിക്കേണ്ടതാണ്.
കണ്ടെയിന്‍മെന്റ് സോണ്‍ പരിധിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം അനുവദനീയമല്ല.
സ്ഥിരമായി ബാങ്കില്‍ എത്തിച്ചേരേണ്ട കണ്ടെയിന്‍മെന്റ് സോണ്‍ പരിധിയില്‍പെട്ട ജീവനക്കാര്‍ സോണിന് പുറത്ത് താമസിക്കണം.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്കായി കുട്ടികള്‍ ബാങ്കുകളില്‍ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കണം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാവൂ. ബാങ്കുകളില്‍ ജീവനക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം (ഭക്ഷണം കഴിക്കുന്നതിനുള്‍പ്പെടെ) പൂര്‍ണ്ണമായും ഒഴിവാക്കണം. ബാങ്ക് അധികൃതരുടെ യോഗങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കണം.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ബാങ്കുകള്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനവും സമയക്രമവും നിയന്ത്രിക്കാവൂ

date