Skip to main content

മഴക്കെടുതി; ഒമ്പത് കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു

മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ ഒമ്പത്  കുടുംബങ്ങളെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. വീടിന്റെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ആന്തൂര്‍ കോടല്ലൂരിലെ ഒരു കുടുംബത്തേയും വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് കുറ്റിയാട്ടൂര്‍ വില്ലേജിലെ അഞ്ച് കുടുംബങ്ങളെയും ശ്രീകണ്ഠാപുരം വില്ലേജിലെ മൂന്ന്  കുടുംബങ്ങളെയുമാണ് വെള്ളിയാഴ്ച ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.
മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 61 കുടുംബങ്ങളെയാണ് ബന്ധുവീടുകളിലും വാടക വീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. പയ്യന്നൂര്‍ (3), ഇരിട്ടി (25), കണ്ണൂര്‍ (6), തളിപ്പറമ്പ (9), തലശ്ശേരി (9) എന്നീ താലൂക്കുകളിലുള്ള  കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.
ജില്ലയില്‍ 72 മഴക്കടുതി ബാധിത വില്ലേജുകളാണുള്ളത്. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകള്‍ പൂര്‍ണ്ണമായും 360 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെറുപുഴ പഞ്ചായത്തില്‍പെട്ട കോഴിച്ചാല്‍ റവന്യൂവില്‍ വെള്ളം കയറി. ശക്തമായ നീരൊഴുക്കില്‍ കോഴിച്ചാല്‍ കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയി. ഇതോടെ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും നടുവിലെ തുരുത്തില്‍ ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താല്‍ക്കാലിക പാലം സ്ഥാപിച്ചാണ് ഫയര്‍ഫോഴ്‌സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തുരുത്തില്‍ താമസിക്കുന്ന 14 പേരെ വ്യാഴാഴ്ച രാത്രി രക്ഷപ്പെടുത്തിയത്

date