*മുണ്ടക്കൈയില്‍ തകര്‍ന്ന പാലം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും*
മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന പാലം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കാലവര്‍ഷം- കോവിഡ് എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ തീരുമാനം. ദുരന്തത്തില്‍ ഒലിച്ചു പോയ പഴയ ബ്രിട്ടീഷ് പാലത്തിന്റെ സ്ഥാനത്ത് പ്രീ-കാസ്റ്റ് മാതൃകയിലുള്ള പാലം ഒരാഴ്ചയ്ക്കകം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗവും ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇവിടെ പാലത്തിന്റെ മറുകരയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പ്രവേശന മാര്‍ഗം അടഞ്ഞു പോയ സാഹചര്യം യോഗം വിലയിരുത്തി.
കാലവര്‍ഷത്തില്‍ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്ന വകയില്‍ ഏകദേശം ഏഴ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വശങ്ങള്‍ ഇടിഞ്ഞു താഴേക്ക് പോയതും റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും മറ്റും പതിച്ചുമാണ് കൂടുതല്‍ നാശങ്ങള്‍. 22 ഗ്രാമീണ റോഡുകള്‍ തകര്‍ന്ന വകയില്‍ 1.95 കോടിയുടെയും 14 ചെറിയ പാലങ്ങള്‍ തകര്‍ന്ന വകയില്‍ 1.6 കോടിയുടെയും നഷ്ടം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ട്. അഞ്ച് അങ്കണവാടികള്‍ തകര്‍ന്ന വകയില്‍ 11 ലക്ഷവും മൂന്ന് പ്രൈമറി സ്‌കൂളുകളുടെ നാശത്തില്‍ രണ്ടു ലക്ഷവും ഒരു പി.എച്ച്.സിക്ക് കേടുപാട് സംഭവിച്ച വകയില്‍ മൂന്ന് ലക്ഷവും നഷ്ടം കണക്കാക്കുന്നു. ഇവയെല്ലാം പുനരുദ്ധരിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളും.
ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് 1,58,000 വൈദ്യുതി കണക്ഷനുകളാണ് പ്രവര്‍ത്തന രഹിതമായിരുന്നത്. ഇതില്‍ 90 ശതമാനത്തിലധികം പുനഃസ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 5385 കണക്ഷനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കും. വെള്ളം കയറിയതിനാല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്തതിനാല്‍ 26 ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇതാണ് ചിലയിടത്ത് കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിന് തടസ്സമാകുന്നത്. കാലവര്‍ഷത്തില്‍ ഏകദേശം 3.97 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് കണക്കാക്കുന്നത്. ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന് ജീവനക്കാരുടെയോ ഉപകരണങ്ങളുടെയോ കുറവില്ലെന്നും ശ്വസനസഹായ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരുള്ള വീടുകളുടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും കെ.എസ്.ഇ.ബി ഡോപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലയിലെ 1197 കുടുംബങ്ങളിലെ 4107 പേരാണ് ഇപ്പോള്‍ 79 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ഇവരില്‍ 2190 പേര്‍ പട്ടികവര്‍ഗക്കാരാണ്. മാനന്തവാടി താലൂക്കില്‍ 25 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 15 ഉം വൈത്തിരിയില്‍ 39 ഉം ക്യാമ്പുകളാണ് ഇപ്പോഴുള്ളത്.
ബാണാസുര സാഗര്‍, കാരാപ്പുഴ ഡാമുകളുടെ സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ഇരു ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മഴയില്‍ ശമനം വന്നതോടെ ബാണാസുര ഡാം തുറക്കേണ്ട അടിയന്തര സാഹചര്യമില്ല. ഈ രീതി തുടരുകയാണെങ്കില്‍ 10 ദിവസം കഴിഞ്ഞേ ഡാം തുറന്നുവിടേണ്ടി വരൂ. കാരാപ്പുഴ അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ വഴി 15 സെന്റിമീറ്റര്‍ ഉയരത്തിലാണ് വെള്ളം ഒഴുക്കി വിടുന്നത്. മൂന്നു നാല് ദിവസം കൂടി ഇത് തുടരും. പിന്നീട് 5 സെന്റി മീറ്റര്‍ മാത്രമായി പരിമിതപ്പെടുത്തും. ജില്ലയിലെ പുഴകള്‍ 2.2 മുതല്‍ 2.7 മീറ്റര്‍ വരെ ഉയരത്തില്‍ കരകവിഞ്ഞൊഴുകിയിരുന്നെങ്കിലും എല്ലാ പുഴകളിലും വെള്ളം താഴ്ന്നിട്ടുണ്ട്. പനമരം പുഴ കേലോത്ത്കടവിലും മുത്തങ്ങയിലുമാണ് അല്പം വെള്ളം ഉയര്‍ന്ന് നില്‍ക്കുന്നത്.
യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments