Skip to main content

കോവിഡ് പ്രതിരോധം, പ്രളയാശങ്ക: നടപടികളുമായി പോലീസ്

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം, പ്രളയാശങ്ക ദൂരീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ പോലീസ് പ്രവര്‍ത്തിച്ചു വരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഡാമുകള്‍ നിയന്ത്രിത അളവില്‍ തുറക്കുന്നത് നദികളിലെയും മറ്റും ജലനിരപ്പുയരാനും അതുവഴി പ്രളയം ഉള്‍പ്പെടെ ദുരന്തങ്ങള്‍  ഉണ്ടാകുന്നതിനും സാധ്യത മുന്നില്‍കണ്ട് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ള നടപടികളില്‍ പോലീസും പങ്കാളിയായിട്ടുണ്ട്.
      അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു. ജനമൈത്രി പോലീസ് അതതു പോലീസ് സ്റ്റേഷന്‍ പരിധികളിലെ കമ്മ്യൂണിറ്റി വോളന്റീര്‍മാരുമായി ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ എസ് എച്ച് ഒമാരും ശ്രദ്ധിക്കാന്‍ നിര്‍ദേശം കൊടുത്തു. 112 ഉള്‍പ്പെടെയുള്ള ഹെല്‍പ് ലൈന്‍ നമ്പറുകളിലും ജനങ്ങള്‍ക്ക് പോലീസിനെ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നടപടികള്‍ കൈക്കൊള്ളാന്‍ കൈമാറിയിട്ടുണ്ടെന്നും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ജില്ലാപോലീസ് സജ്ജമാണെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
 

date