Skip to main content
രാജമല പെട്ടിമുടിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തയ്യാറായി നില്‍ക്കുന്ന ജില്ലയിലെ സിവില്‍ ഡിഫന്‍സ് ടീം

പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍

 

ഉരുള്‍പൊട്ടല്‍ മൂലം ദുരന്ത ഭൂമിയായി മാറിയ രാജമല പെട്ടിമുടിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും. ദുരന്തമുഖത്തേക്ക് സ്വമേധയായാണ് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകള്‍ക്ക് കീഴിലെ മുപ്പതോളം സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പോയിരിക്കുന്നത്.

ചിറ്റൂര്‍, മണ്ണാര്‍ക്കാട്,  വടക്കഞ്ചേരി,  കഞ്ചിക്കോട്,  ഷൊര്‍ണൂര്‍ ഫയര്‍ സ്റ്റേഷനുകള്‍ക്ക് കീഴിലെ പ്രത്യേക പരിശീലനം ലഭിച്ച,  ദുരന്തമുഖങ്ങളില്‍ ഏറെ പ്രവര്‍ത്തന പരിചയമുള്ളവരാണ് രാജമലയിലേക്ക് പോയത്. മരം മുറിക്കുന്നതിനും ഭൂമി കുഴിക്കുന്നതിനും  മണ്ണ് മാറ്റുന്നതിനും ആവശ്യമായ ഉപകരണങ്ങളോടെയാണ് ടീം യാത്ര തിരിച്ചിരിക്കുന്നത്.

അഗ്‌നിശമന സേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കറിന്റെ  നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. ആര്‍ ജോസ്, സീനിയര്‍ ഓഫീസര്‍ എം. ഷാഫി, ഫയര്‍ ഓഫീസര്‍മാരായ എം. നാരായണന്‍കുട്ടി, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് രക്ഷാ ദൗത്യത്തിനായി പോയത്.
കഴിഞ്ഞവര്‍ഷം കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച നിരവധി പേരും രാജമലയിലേക്ക് പോയ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പുറമേ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നാസറിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ നിന്നും അഞ്ചംഗ ടീം ഇന്ന് (ഓഗസ്റ്റ് 10) രാത്രി പെട്ടിമുടിയിലേക്ക് യാത്ര തിരിക്കും.

 

date