വിവാഹ ധനസഹായം
പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി തടവുശിക്ഷ അനുഭവിക്കുന്നവരുടെ പെണ്മക്കളുടെ വിവാഹത്തിനായി സാമൂഹിക നീതിവകുപ്പ് ധനസഹായം നല്‍കുന്നു. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നവരുടെ പെണ്മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരു പെണ്‍കുട്ടിയ്ക്ക് വിവാഹ ധനസഹായമായി മുപ്പതിനായിരം രൂപ ലഭിക്കും. ഒരു കുടുംബത്തില്‍ നിന്നും പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കും. അപേക്ഷകള്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കോ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ക്കോ നല്‍കണം. ലഭിക്കുന്ന അപേക്ഷകളിന്‍ മേല്‍ അന്വേഷണം പൂര്‍ത്തിയാക്കി, ജയില്‍സൂപ്രണ്ടുമാരും പ്രൊബേഷന്‍ ഓഫീസര്‍മാരും അപേക്ഷകള്‍ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ധനസഹായം ഒറ്റത്തവണയായി അര്‍ഹതപെട്ട വ്യക്തിയുടെ ബാങ്ക്അക്കൗണ്ടില്‍ നിക്ഷേപിക്കും. അപേക്ഷകര്‍ , ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്രൊബേഷന്‍ ഓഫീസ്സുകളിലാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ജയില്‍സൂപ്രണ്ടിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം വെക്കണം. തടവ് ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെയും പെണ്‍കുട്ടിയുടെയും പേരുകള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകള്‍ ആണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വിവാഹ ധനസഹായം ഒരിക്കല്‍ അനുവദിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ആറ്‌ലക്ഷംരൂപ സാമൂഹ്യ നീതി വകുപ്പ് വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരമുള്ള അപേക്ഷകള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ആഗസ്ത് 31 വരെ സ്വീകരിക്കും. ഫോണ്‍: 04936 207157.
- Log in to post comments