Skip to main content

ടി.ടി.ക്യു.ടി സംവിധാനം ജില്ലയില്‍ ഫലപ്രദം-

 

ലാര്‍ജ് ക്ലസ്റ്ററുകളില്‍ 

രോഗികള്‍ കുറയുന്നു

 

ടെസ്റ്റിംഗ് - ട്രേസിംഗ്- ക്വാറന്റീന്‍ - ട്രീറ്റ്‌മെന്റ് (ടി.ടി.ക്യു.ടി) എന്നിവയില്‍ ഊന്നല്‍ നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍

ആവിഷ്‌ക്കരിച്ച കോവിഡ് പ്രതിരോധ സംവിധാനം ജില്ലയില്‍ ഫലം കാണുന്നു. വിപുലമായ ടെസ്റ്റിംഗിലൂടെ രോഗബാധ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണ് ആദ്യഘട്ടം. വിശദമായ കോണ്‍ടാക്ട് ട്രേസിംഗിലൂടെ അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് രണ്ടാം ഘട്ടം. സമ്പര്‍ക്കത്തില്‍ ഉള്‍പ്പെടുന്നവരേ ക്വാറന്റീനിലാക്കി ടെലിമെഡിസിന്‍ വഴി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നു.

 

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശത്ത് ക്ലസ്റ്റര്‍ കെയര്‍ ഒരുക്കും. ഇത്തരം സ്ഥലങ്ങളില്‍ അതീവ ജാഗ്രതായോടുള്ള നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേൃത്വത്തില്‍ സ്വീകരിക്കുന്നത്. ഫലപ്രദമായ നടപടികളിലൂടെ, നിലവിലുള്ള ലാര്‍ജ് ക്ലസ്റ്ററുകളായ ഒളവണ്ണ, വടകര, നാദാപുരം, ഏറാമല എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞു. ഒളവണ്ണയില്‍ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 23 പേരാണ് ചികിത്സയിലുള്ളത്. വടകരയില്‍ 78 രോഗികളില്‍ ഒന്‍പത് പേരും നാദാപുരത്ത് 66 പേരില്‍ എട്ടുപേരും ഏറാമലയില്‍ 61 പേരില്‍ 13 പേരുമാണ് ചികിത്സയിലുള്ളത്. മുന്‍പ് ലാര്‍ജ് ക്ലസ്റ്ററായിരുന്ന തൂണേരിയില്‍ മുഴുവന്‍ പേര്‍ക്കും രോഗം ഭേദമായിരുന്നു.

 

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ക്രമാനുഗതമായാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. ജില്ലയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സംസ്ഥാനതലത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന അപൂര്‍വം ജില്ലകളിലൊന്നാണ് കോഴിക്കോട്. ഒരുദിവസം പരിശോധിക്കുന്നവരുടെ എണ്ണം 5000 വരെ ആണ്. ക്ലസ്റ്ററുകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേരെ ടെസ്റ്റിന് വിധേയമാക്കി. കൂടുതല്‍ മേഖലകളിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സമ്പര്‍ക്ക പട്ടിക സസൂക്ഷ്മം നിരീക്ഷിച്ച് ആളുകളെ നിയന്ത്രണത്തിലാക്കുന്നതിനാല്‍ ജില്ലയില്‍ രോഗികള്‍ കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് ടെസ്റ്റിംഗ് വിപുലമാക്കിയിട്ടുണ്ട്.

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലംഘനം കണ്ടാല്‍ നിയമ നടപടിയെടുക്കാനും വിവിധ സ്‌ക്വാഡുകളെ നിയോഗിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 118 സ്‌ക്വാഡുകളും പൊലീസിന്റെ നേതൃത്വത്തില്‍ 10 ക്യുക്ക് റെസ്പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ കുറയ്ക്കുന്നതിനും ഓരോ കേസും അവരുടെ പ്രാഥമിക, ദ്വിതീയ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തുന്നുണ്ട്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി.ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ താലൂക്ക് ലെവല്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരേയും ക്ലസ്റ്റര്‍ ലെവല്‍ കമാന്‍ഡര്‍മാരെയും നിയമിച്ചു. വാര്‍ഡ് തലങ്ങളില്‍ ആര്‍.ആര്‍.ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമേ ബീച്ച് ജനറല്‍ ആശുപത്രിയും കോവിഡ് ആശുപത്രിയാക്കി മാറ്റി. എരഞ്ഞിപ്പാലം ഇഖ്റ കൗണ്‍സിലിംഗ് സെന്റര്‍, മലാപറമ്പ് ഇഖ്‌റ പുതിയ ബ്ലോക്ക്, ഉള്ളിയേരി എം.എം.സി ആശുപത്രി നഴ്സിംഗ് കോളേജ് ബ്ലോക്ക്, മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഹോസ്റ്റല്‍ ബ്ലോക്ക്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പി.എം.എസ്.എസ്.വൈ ബില്‍ഡിങ് എന്നിവയും ചികിത്സയ്ക്കായി പ്രവര്‍ത്തന സജ്ജമാണ്.

date