Skip to main content

പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള

പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മൊത്തത്തിലുള്ള വികസനവും പുരോഗതിയുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതുകാലം നടപ്പാവുമെന്ന് നാം ആശങ്കപ്പെട്ടിരുന്ന ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വലിയ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന അവസ്ഥയിലേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്. 
ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ വീട്ടിലെ ഗ്യാസ് കണക്ഷനുകളിലടക്കം വലിയ മാറ്റങ്ങള്‍ പലയിടത്തും സംഭവിക്കാന്‍ പോവുന്നു. ഗ്യാസ് ഉപയോഗിച്ചുള്ള പല വികസന പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നടപ്പിലാക്കാനാവും. 50,000 കോടി രൂപയാണ് പശ്ചാത്തല സൗകര്യവികസനത്തിനായി ചെലവിടാനാണ് കിഫ്ബി എന്ന സംവിധാനം രൂപം നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനകാര്യത്തില്‍ പക്ഷഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലസംരക്ഷണ, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഇതിനകം നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ചൂട്കൂടിവരുന്ന നിലവിലെ അവസ്ഥയില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. വിദ്യാഭ്യാസ സംരക്ഷണം, പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി തുടങ്ങിയ കാര്യങ്ങളിലും ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

date