Skip to main content

അഞ്ചലിന് പുതിയ  അമിനിറ്റി സെന്റര്‍

ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നായ അഞ്ചലില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അമിനിറ്റി സെന്റര്‍ പ്രവര്‍ത്തനസജ്ജമായി. സ്ഥലം എം എല്‍ എയും വനം-വന്യജീവി  വകുപ്പ് മന്ത്രിയുമായ കെ രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 77.75 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ ബസ് സ്റ്റാന്‍ഡിലെ പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയാണ് അമിനിറ്റി സെന്റര്‍ നിര്‍മിച്ചത്. രണ്ടു നിലകളിലായുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ യാത്രക്കാരുടെ വിശ്രമ കേന്ദ്രവും ശുചിമുറിയും കഫെറ്റേരിയയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മുകളിലത്തെ നിലയില്‍  എ സി കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് നിര്‍മാണത്തിന് പിന്നില്‍.
അഞ്ചലിലെ ഏറ്റവും തിരക്കേറിയ പ്രദേശത്ത് തന്നെ അമിനിറ്റി സെന്റര്‍ യാഥാര്‍ഥ്യമായത്  പൊതുജനങ്ങള്‍ക്ക്,  പ്രത്യേകിച്ച് യാത്രക്കാര്‍ക്ക്  ഏറെ ആശ്വാസകരമാണെന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2207/2020)

date