Skip to main content

വനിതാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ഫണ്ട് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് 15)

വനിതാ  മത്സ്യത്തൊഴിലാളികളുടെ  സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന 3ആര്‍ പദ്ധതി വഴിയുള്ള ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ  ഇന്ന്(ആഗസ്റ്റ് 15) വൈകിട്ട്  നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കും.
എം മുകേഷ് എം എല്‍ എ അധ്യക്ഷയാകും. മേയര്‍ ഹണി ബഞ്ചമിന്‍ മുഖ്യാതിഥിയാകും. ഫിഷറീസ് ഡയറക്ടര്‍ എം ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ എസ് ശ്രീലു, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍, കുഫോസ് സിന്‍ഡിക്കേറ്റ് അംഗം എച്ച് ബേസില്‍ ലാല്‍, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ശ്രീകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ നൗഷര്‍ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വനിതകളുടെ ജോയിന്റ് ലയബിലിറ്റി സംഘങ്ങള്‍ക്കാണ് ഫണ്ട് നല്‍കുന്നത്. തീരദേശമേഖലയില്‍ മത്സ്യവില്‍പ്പനയും അനുബന്ധ തൊഴില്‍ ചെയ്യുന്നവരുമായ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഔദ്യോഗിക ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കായി 178 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചുപേരടങ്ങുന്ന 200 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് 1000 മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ജോയിന്റ്  ലയബിലിറ്റി ഗ്രൂപ്പുകളെ കേരള ബാങ്കുമായി ബന്ധിപ്പിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരാള്‍ക്ക് 10000 രൂപ വീതവും ഗ്രൂപ്പിന് 50000 രൂപ വരെയും റിവോള്‍വിംഗ് ഫണ്ടായി നല്‍കും. കൂടാതെ ഗ്രൂപ്പിന് വേണ്ട ദീര്‍ഘകാല വായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയും ലഭ്യമാക്കും.
(പി.ആര്‍.കെ നമ്പര്‍ 2208/2020)

 

date