Skip to main content

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഹരിതമാര്‍ഗരേഖ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ വരെ പിഴ

 

 

കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനകാലയളവില്‍  മലയാറ്റൂര്‍ കുരിശുമുടിയിലും പരിസരത്തും ഹരിതമാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടോകോള്‍) ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 10 വരെയാണ് മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനം. 

ഹരിതനടപടിക്രമത്തിന്റ ഭാഗമായി ടിന്നുകള്‍, കാനുകള്‍, പ്‌ളാസ്റ്റിക് കുപ്പികള്‍ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദവുമല്ലാത്ത വസ്തുക്കള്‍ നിരോധിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.  സീലു ചെയ്തതതോ അല്ലാത്തലോ ആയ കണ്ടെയ്‌നറുകളും ഉപയോഗിച്ച ശേഷം കളയാവുന്ന പ്‌ളാസ്റ്റിക് പാത്രങ്ങളും ഭക്ഷണടിന്നുകളും ഇവയില്‍പെടും. കേരള പോലീസ് നിയമത്തിലെ 80-ാം വകുപ്പു പ്രകാരമാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ വരെ മലയാറ്റൂര്‍- നീലേശ്വരം ഗ്രാമപഞ്ചായത്തില്‍ പിഴയടയ്‌ക്കേണ്ടി വരും. കുരിശുമലയിലും തീര്‍ത്ഥാടന പാതയിലും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പരിസ്ഥിതിമലിനീകരണം തടയാനായാണ് ഈ നടപടികള്‍. 

ഹരിതമാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18-ന് നടന്ന യോഗത്തില്‍ മലയാറ്റൂരും സമീപപ്രദേശങ്ങളും നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്ക ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും പങ്കുവച്ചിരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ശീതളപാനീയങ്ങളുടെയും പാക്കറ്റുകളും കുപ്പികളും, അലുമുനിയം ഫുഡ് ഗ്രേഡുകളും മലയാറ്റൂരിലും പരിസരത്തും കുന്നുകൂടുന്നതായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

 മലയാറ്റൂരിലും പരിസരത്തും പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയില്‍ ഭക്ഷണവും വെള്ളവും ലഘുഭക്ഷണവും നല്കുന്ന സ്റ്റാളുകള്‍ സജ്ജീകരിക്കാന്‍ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് പരിസ്ഥിതി സൗഹൃദപരമല്ലാത്ത വസ്തുക്കള്‍ നിരോധിച്ച് ഹരിതമാര്‍ഗരേഖ നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. 

എറണാകുളം റൂറല്‍ (ആലൂവ) ജില്ലാ പോലീസ് മേധാവി, ഫോര്‍ട്ടുകൊച്ചി റവന്യു ഡിവിഷണല്‍ ഓഫീസര്‍, മലയാറ്റൂര്‍ ഡിവിഷണര്‍ ഫോറസ്റ്റ് ഓഫീസര്‍, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലയാറ്റൂര്‍ നീലേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. 

date