Skip to main content

ഇരവിപുരം കാര്‍ഷിക വിജ്ഞാന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഇരവിപുരം കാര്‍ഷിക ബ്ലോക്കിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് കാര്‍ഷിക വിജ്ഞാന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഒരുക്കിയ പോഷക തോട്ടം ചടങ്ങിന്റെ അധ്യക്ഷന്‍ കൂടിയായ എം നൗഷാദ് എം എല്‍ എ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, കൊറ്റംങ്കര, മയ്യനാട് കൃഷിഭവനുകളും കൊല്ലം നഗരസഭ പരിധിയിലുള്ള  കൊല്ലം, ശക്തികുളങ്ങര, വടക്കേവിള, ഇരവിപുരം, കിളികൊല്ലൂര്‍ എന്നീ കൃഷിഭവനുകളും ഉള്‍പ്പെടുന്നതാണ് ഇരവിപുരം കാര്‍ഷിക ബ്ലോക്ക്. ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ്   വിജ്ഞാന കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കുക.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടാണ് ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.  കൃഷി ശാസ്ത്രജ്ഞ•ാരുമായുള്ള സംവാദം,  കാര്‍ഷിക സാങ്കേതിക ഉപദേശങ്ങള്‍ തുടങ്ങിയവയും കാര്‍ഷിക ഉല്‍പ്പാദനം, വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണം, മൂല്യവര്‍ധന വിപണനം എന്നീ വിഷയങ്ങളിലുള്ള പരിശീലനവും കര്‍ഷകര്‍ക്ക് ഇതുവഴി ലഭ്യമാകും.
മേയര്‍ ഹണി ബെഞ്ചമിന്‍ മുഖ്യാതിഥിയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എ സത്താര്‍, മുഖത്തല ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു, ഇരവിപുരം കാര്‍ഷിക വിജ്ഞാന കേന്ദ്രം നോഡല്‍ ഓഫീസര്‍ ഷംസിയ, ഇരവിപുരം കൃഷി  അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍ പ്രീത, ബി ഡി ഒ ജോര്‍ജ് ആലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2233/2020)

 

date