ജില്ലാ കലക്ടറുടെ താലൂക്ക്തല പരാതി പരിഹാര അദാലത്ത് 65 ഓളം പരാതികള്‍ക്ക് പരിഹാരം
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 65 ഓളം പരാതികള്‍ക്ക് പരിഹാരമായി. വില്ലേജ്-താലൂക്ക് തലത്തില്‍ പരിഹാരമാകാതിരുന്ന 77 പരാതികളാണ് പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി പുനലൂര്‍ താലൂക്കിലുള്ളവരില്‍ നിന്നാണ് പരാതി കേട്ടത്.
മറ്റ് മുന്‍ഗണനേതര ക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെട്ട എട്ടും കുടുംബക്ഷേമ ധനസഹായവുമായി ബന്ധപ്പെട്ട അഞ്ചും പരാതികള്‍ തീര്‍പ്പാക്കിയവയില്‍പ്പെടുന്നു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ജനവാസ മേഖലയില്‍ ആരംഭിക്കാന്‍ പോകുന്ന ഇടമണ്‍ വില്ലേജിലെ എം സാന്‍ഡ് ക്രഷര്‍ യൂണിറ്റ്, ഏരൂര്‍ വില്ലേജില്‍ റോഡ് വികസനത്തിന്റെ പേരില്‍ വീടിനോട് ചേര്‍ന്നുള്ള ചുറ്റുമതില്‍ പൊളിച്ചത് പുനര്‍നിര്‍മിക്കുന്നത്, റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഓണക്കിറ്റ് ലഭിക്കാത്തത്, പട്ടയം ലഭിച്ചിട്ടും കൈവശ രേഖ നല്‍കാത്തത്, വസ്തുവിന്റെ പോക്കുവരവ്, അതിര്‍ത്തി പുനര്‍നിര്‍ണയം എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാറ്റാടിമുക്ക്, മാര്‍ക്കറ്റ് ജംഗ്ഷന്‍, ആലഞ്ചേരി, കഴുത്തുരുട്ടി എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അദാലത്ത് നടന്നത്.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, പുനലൂര്‍ ആര്‍ ഡി ഒ ബി.ശശികുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍ എല്‍ ആര്‍ തഹസില്‍ദാര്‍ ബിജുരാജ്, താലൂക്ക് സപ്ലൈ ഓഫീസര്‍, തദ്ദേശ സ്ഥാപന അധികാരികള്‍, കെ എസ് ഇ ബി-പൊതുമാരാമത്ത് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2223/2020)
- Log in to post comments