Skip to main content

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി കുളക്കടയില്‍ 29.32 കോടി രൂപയുടെ പദ്ധതിക്ക് അനുമതി

കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന്  പരിഹാരം.പഞ്ചായത്ത് പരിധിയിലെ   എല്ലാ വീടുകള്‍ക്കും സുസ്ഥിരമായ ജലലഭ്യത ഉറപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് അനുമതിയായി. 29.32 കോടി രൂപയാണ് നബാര്‍ഡ് വഴി  പദ്ധതിക്കായി  വകയിരുത്തിയിരിക്കുന്നത്. പതിനായിരത്തോളം കുടുംബങ്ങള്‍  താമസിക്കുന്ന 19 വാര്‍ഡുകളുള്ള പഞ്ചായത്തിനെ മൂന്ന് മേഖലകളായി  തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ രണ്ടു മേഖലകളിലായി ജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ള ശേഖരണത്തിനായുള്ള  ജലസംഭരണി  മൂന്നാമത്തെ മേഖലയില്‍ നിര്‍മിക്കും.
കുളക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതിയുടെ ഭാഗമായി  കല്ലടയാറിന്റെ തീരത്ത്  തെങ്ങമംപുഴ കടവില്‍ സ്ഥാപിച്ച കിണര്‍,  പമ്പ് ഹൗസ്, പെരുംകുളത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ പുതിയ പദ്ധതിക്കായി വിനിയോഗിക്കും. പമ്പ് ഹൗസില്‍ നിന്നുള്ള ജലം ട്രീറ്റ്‌മെന്റ് പ്ലാന്റില്‍  ശുദ്ധീകരിച്ച ശേഷം പെരുംകുളം പൊങ്ങന്‍പാറ
കൊടിതൂക്കാംമുകളില്‍ പുതുതായി നിര്‍മിക്കുന്ന ജലസംഭരണിയിലെത്തിച്ച് പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യും.
രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് നിര്‍മിക്കുക. ഇതിനായി അഞ്ചര സെന്റ് ഭൂമി പഞ്ചായത്ത് ജലവിഭവ വകുപ്പിന് കൈമാറി. പഞ്ചായത്തംഗങ്ങളുടെ ഒരു മാസത്തെ  ഓണറേറിയവും  പഞ്ചായത്ത്  ഭരണസമിതി  വഴി ശേഖരിച്ച തുകയും ഉള്‍പ്പെടെ 2.49 ലക്ഷം  രൂപയാണ് സ്ഥലം വാങ്ങാനായി വിനിയോഗിച്ചത്. പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍   ജല  അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടക്കുക.

ഈ മാസം അവസാനത്തോടെ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും  2021 ഓടെ സമ്പൂര്‍ണ ജലവിതരണ പഞ്ചായത്തായി കുളക്കടയെ മാറ്റുകയാണ് ലക്ഷ്യമെന്നും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2222/2020)

 

date