Skip to main content

റീബില്‍ഡ് കേരള പദ്ധതിയുടെ കീഴിൽ അപേക്ഷകൾ ക്ഷണിക്കുന്നു

എറണാകുളം: റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ 2020-21  സാമ്പത്തിക വര്‍ഷത്തില്‍ പശുവിതരണം,  കന്നുകുട്ടി വിതരണം, തൊഴുത്ത് നിര്‍മ്മാണത്തിന് ധനസഹായം, കാലിത്തീറ്റ സബ്‌സിഡി, വാണിജ്യതലത്തില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി ഫാമുകളില്‍ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് ധനസഹായം, തീറ്റപ്പുല്‍കൃഷി വികസനം, ആടുവളര്‍ത്തല്‍, അടുക്കളമുറ്റ കോഴിവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനത്തിനായി കാലിത്തീറ്റ സബ്‌സിഡി സ്‌കീം എന്നിങ്ങനെ 11 പദ്ധതികൾ നടപ്പിലാക്കുന്നു.
    2018ലെ പ്രളയത്തിനുശേഷമുള്ള പുനരുജ്ജീവന പാക്കേജ് എന്ന രീതിയില്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളില്‍ പ്രളയക്കെടുതി അനുഭവിച്ച കര്‍ഷകര്‍ക്കുള്ള പദ്ധതിയായാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്.  പ്രളയത്തില്‍ പക്ഷിമൃഗാദികളോ തൊഴുത്തോ നഷ്ടപ്പെട്ടതിന് മൃഗസംരക്ഷണവകുപ്പില്‍ നിന്നോ റവന്യൂ വകുപ്പില്‍ നിന്നോ എസ്.ഡി.ആര്‍.എഫ് മാനദണ്ഡ പ്രകാരം ധനസഹായം ലഭിച്ച കര്‍ഷകര്‍ക്കാണ് ആനുകൂല്യത്തിന് പ്രഥമ പരിഗണന. പഞ്ചായത്ത് പ്രസിഡന്റ് , വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍,  പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 2018ലെ പ്രളയ ദുരിതബാധിതരുടെ അപേക്ഷകൾ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റ് അപേക്ഷകരെ പരിഗണിക്കുയുള്ളൂ. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും  ചെറുകിട കര്‍ഷകര്‍ക്കും വനിതകൾക്കും മുന്‍ഗണന ലഭിക്കും.
    പദ്ധതിപ്രകാരം ലഭിക്കുന്ന പക്ഷിമൃഗാദികളെ മൂന്ന് വര്‍ഷം വളര്‍ത്താമെന്ന സമ്മതപത്രകരാര്‍ ഗുണഭോക്താക്കൾ സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞ പദ്ധതികൾ മുഖേന 500 രൂപ മുതല്‍  പരമാവധി ഒരു ലക്ഷംരൂപ വരെ ധനസഹായം അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഏഴായിരത്തിലധികം അപേക്ഷകര്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കും. മൃഗാശുപത്രികൾ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ വിശദാംശങ്ങൾ അതാത് മൃഗാശുപത്രികളില്‍ പ്രദര്‍ശിപ്പിക്കും.
    താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, പ്രളയത്തിന് ധനസഹായം ലഭിച്ചതിന്റെ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം തങ്ങളുടെ പ്രദേശത്തെ മൃഗാശുപത്രികളില്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം.  CRUEKM.AHD@KERALA.GOV.IN എന്ന ഇമെയില്‍ വിലായത്തിലും അപേക്ഷാ ഫോം ലഭ്യമാണ്.

date