Skip to main content

കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻറെ പുതിയ ബ്ലോക്കിൻറെ ഉദ്ഘാടനം  ഓഗസ്റ്റ് 20ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും

ആലപ്പുഴ : ഫിഷറീസ് വകുപ്പിൽ  നിന്നും 1.98 കോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച  കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻറെ പുതിയ ബ്ലോക്കിൻറെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ ഓഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും.  യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. കായംകുളം നിയോജകമണ്ഡലത്തിൽ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് കണ്ടല്ലൂരില്ലേത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ വഴി നിർമ്മിച്ചിട്ടുള്ള പുതിയ കെട്ടിട സമുച്ചയത്തിന് 6338 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.
ഒ.പി, ഐ.പി, മിനി ഓപ്പറേഷൻ തീയറ്റർ, ഇൻജക്ഷൻ റൂം, ഒബ് സെർവേഷൻ റൂം, ഇമ്മ്യൂണൈസേഷൻ റൂം എന്നീ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി  ശ്വാസകോശ രോഗബാധിതരുടെ ചികിത്സക്കായി ശ്വാസ് ക്ലീനിക്ക് ,വിഷാദ രോഗികൾക്കായുള്ള ആശ്വാസ് ക്ലീനിക്ക്, കൗമാരപ്രായക്കാർക്കു വേണ്ടി പ്രത്യേക ക്ലിനിക്ക്,  പ്രീ ചെക്ക് ക്ലിനിക്ക്, വാർഡുകളിൽ സന്ദർശനം നടത്തി ജീവിതശൈലീരോഗങ്ങൾ നിർണയിക്കുന്നതിനുള്ള പ്രോഗ്രാമുകൾ, എന്നിവയും ഇവിടെ നടപ്പാക്കിയിട്ടുണ്ട് .
ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു ലാബ് ടെക്നീഷ്യൻ  എന്നീ ക്രമത്തിൽ അധിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി
16 ലക്ഷം രൂപ വിനിയോഗിച്ച് ലാബ് നവീകരണം , കാത്തിരിപ്പ് കേന്ദ്രം, എയർപോർട്ട് ചെയറുകൾ, സൈൻ ബോർഡുകൾ, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട് .
15.5 ലക്ഷം രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി നിർമിച്ചിട്ടുണ്ടെന്ന് യു  പ്രതിഭ  എം എൽ എ പറഞ്ഞു.
 

date