ജ്യോതി: സ്‌കൂള്‍ കുട്ടികള്‍ക്കായി ജില്ലയില്‍ പ്രതേ്യക ലഹരി വിരുദ്ധ പദ്ധതി
കൊച്ചി: ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ശിശു സംരക്ഷണയൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതേ്യക ലഹരിവിരുദ്ധ പദ്ധതി നടപ്പാക്കുന്നു. ജ്യോതി എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിക്ക് ഏപ്രിലില്‍ തുടക്കമാകും. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ സാമൂഹ്യനീതി വകുപ്പ്, എക്‌സൈസ്, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുക.
എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായി ജ്യോതി നടപ്പാക്കാനുള്ള സാധ്യതകളാരായുമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ജ്യോതി പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് പ്രതേ്യക പരിശീലനം നല്കും. അദ്ധ്യാപകരെയും രക്ഷിതാക്കളെയും ബോധവത്കരിക്കാനായി ജില്ലയിലെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ഏപ്രിലില്‍ പ്രതേ്യക അധ്യാപക, രക്ഷാകര്‍ത്തൃസമിതി യോഗം ചേരും. {പതേ്യക പരിശീലനം ലഭിച്ച സ്‌കൂള്‍ കൗണ്‍സലര്‍മാരും എക്‌സൈസ്, സാമൂഹ്യനീതി ഓഫീസര്‍മാരും പ്രതേ്യക പിടിഎ യോഗത്തില്‍ പങ്കെടുക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതേ്യക കൗണ്‍സലിങ് നല്കും. കലാകായിക പരിപാടികള്‍ കൂട്ടികള്‍ക്കിടയില്‍ കൂടുതല്‍ സംഘടിപ്പിക്കും. കുടുംബശ്രീയെ ഉള്‍പ്പെടുത്തി ലഹരി ഉപയോഗം സംബന്ധിച്ച സര്‍വെയും ലഹരിവിരുദ്ധ ബോധവത്കരണപരിപാടിയും ശക്തിപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കണക്കനുസരിച്ച് കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് 2015ല്‍ ജില്ലയില്‍ പത്തും 2016ല്‍ ഇരുപത്തിനാലും കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ ബി സൈന പറഞ്ഞു. 2017ല്‍ കേസുകളുടെ എണ്ണം 64 ആയി. കുട്ടികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപഭോഗം കൂടിവരുന്നെങ്കിലും കുട്ടികള്‍ക്ക് മാത്രമായി ഒരു പ്രതിരോധ പരിപാടി ഇല്ല. അതിനാലാണ് ജ്യോതി പദ്ധതിയുമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുന്നോട്ടു വരുന്നത്. ബോധവത്കരണത്തിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചങ്ങാതിക്കൂട്ടം ഉണ്ടാക്കുക, സ്‌കൂളുകളിലെ ആന്റി നാര്‍കോടിക് ക്‌ളബുകളും പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളും സജീവമാക്കുക, പൊതുജനത്തിന്റെയും പോലീസിന്റെയും സഹായത്തോടെ ലഹരിവസ്തുക്കള്‍ സ്‌കൂളില്‍ എത്തിക്കുന്നതിനെതിരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക തുടങ്ങിയവയും പദ്ധതിയിലുള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ലഹരി മോചനകേന്ദ്രം വേണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പറഞ്ഞു.
ലഹരി ഉപയോഗം ഇന്ന് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ സാമൂഹ്യപരമായ മാറ്റം ആവശ്യമാണെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കിടയിലെ ബോധവത്കരണത്തിനായി അധ്യാപകര്‍ക്കും പ്രതേ്യക പരിശീലനം നല്കണം. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ സന്തോഷ്, ആരോഗ്യ, പഞ്ചായത്തു, എക്‌സൈസ്, പോലീസ് വകുപ്പിലെ ഉദേ്യാഗസ്ഥര്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments