ബ്രേക്ക് ദ സൈക്കിള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
ലോക കൊതുക് ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ്ണ കൊതുക് നിവാരണത്തിനായി ജില്ലയില്‍ നടപ്പാക്കിയ ബ്രേക്ക് ദ സൈക്കിള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ജില്ലാതല ഉദ്ഘാടനം പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത നിര്‍വഹിച്ചു.
കൊതുകുജന്യ രോഗങ്ങളും ഇതര പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും എല്ലാ കുടുംബാരോഗ്യ, സാമൂഹികാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും കണ്ണി ചേര്‍ക്കുന്നതിനും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുന്നതിനും പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി. ഇതിനായി എല്ലാ വിഭാഗം ജനങ്ങളെയും ബോധവല്‍ക്കരിക്കും. 'ആര്‍ക്കും കൊതുകു കടിയേല്‍ക്കരുത്, ആരും കൊതുകുജന്യ രോഗങ്ങളാല്‍ മരിക്കരുത് '. ഈ ലക്ഷ്യം നിറവേറ്റാന്‍ ജില്ലയുടെ തനതു പരിപാടിയായ 'ബ്രേക്ക് ദ സൈക്കിള്‍' ക്യാമ്പയിന്‍ വര്‍ഷം മുഴുവന്‍ തുടരും.
കോവിഡ് കണ്‍ട്രോള്‍ റൂമിന് സമീപം നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ജെ മണികണ്ഠന്‍, ഡി.എസ്.ഒ ഡോ.ശശി, ഡി.റ്റി.ഒ ഡോ.അനു, മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ.ടിമ്മി എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2262/2020)
- Log in to post comments