Skip to main content

കയർ മേഖലയിലെ യന്ത്രവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത് 40, 000 ടൺ കയർ ഉൽപ്പാദനം : മന്ത്രി തോമസ് ഐസക്

ആലപ്പുഴ : കയർ മേഖലയിലെ യന്ത്രവൽകൃത ഉൽപ്പാദനത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് പ്രതിവർഷം 40, 000 ടൺ കയറിന്റെ ഉൽപ്പാദനമെന്നു ധനകാര്യ - കയർ വകുപ്പ് മന്ത്രി ഡോ : ടി. എം തോമസ് ഐസക്. 7000 ടൺ ഉത്പാദനത്തിൽ നിന്നും 40, 000 ടൺ കയർ ഉത്പാദനം എന്നതിലേക്ക് എത്തിക്കുക എന്നുള്ളത്  വളരെ വലിയ ഒരു യ ജ്ഞം തന്നെയാണ്. എന്നാൽ അത് യഥാർഥ്യമാക്കിയാൽ കയർ ഉൽപ്പന്നങ്ങളുടെ വിപണനത്തിലും വലിയ രീതിയിലുള്ള പുരോഗതിയാകും സംസ്ഥാനത്തിന് കൈവരിക്കാനാകുക എന്നും മന്ത്രി പറഞ്ഞു.  ഇതിലൂടെ പാവപ്പെട്ട കയർ തൊഴിലാളികൾക്കു മെച്ചപ്പെട്ട വരുമാനം നേടാനാകും.  നിലവിൽ സംസ്ഥാനത്തെ 100 കയർ സംഘങ്ങൾക്ക് 1000 ആധുനിക മെഷീനുകളാണ് ഉദ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനുവദിക്കുന്നത്, ഇതിലൂടെ 1000 ടൺ കയർ ഉദ്പാദനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത്തരത്തിൽ വീണ്ടും 100 മെഷീനുകൾ കൂടി നൽകിക്കൊണ്ട് ഉദ് പാദനം വീണ്ടും വർദ്ധിപ്പിക്കും.   കയർ ഉത്പാദനത്തിൽ എന്നപോലെ തന്നെ പരമ്പരാഗത കയർ ഉത്പന്നങ്ങളുടെ കമ്പോളം കണ്ടെത്തുന്നതിലും കയർ സംഘങ്ങൾ മുൻകൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  സംസ്ഥാനത്തെ കയർ സംഘങ്ങൾ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി ചേർത്തല വടക്കുംമുറി 659 ആം നമ്പർ കയർ സംഘത്തിന് അനുവദിച്ച ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ നൽകുന്ന ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തകർച്ചയിൽ നിന്നും കരകയറ്റാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് കയർ മേഖലയിലെ രണ്ടാം  പുന : സംഘടന പദ്ധതിയിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഭക്ഷ്യ - സിവിൽ സപ്പ്ളൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.  കയർ മേഖലയെ അന്താരാഷ്ട്ര തലത്തിലെ ഗുണമേന്മയിലേക്ക് എത്തിക്കാൻ ഈ പദ്ധതി വഴി നടപ്പാക്കുന്ന ആധുനിക വൽക്കരണത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത തൊഴിലാളികൾ വഴി ഒരു ദിവസം 10 കിലോ കയർ പിരിച്ചിരുന്ന സ്ഥാനത്തു ദിവസേന 50 മുതൽ 60 വരെ കിലോ കയർ പിരിക്കാൻ സംഘങ്ങൾക്ക് അനുവദിച്ച ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനിലൂടെ സാധ്യമാവും. ചേർത്തല വടക്കുംമുറിയിലെ സംഘത്തിന് പുറമെ നെടുമ്പ്രക്കാട്, ചെങ്ങണ്ട എന്നിവടങ്ങളിലെ രണ്ട് കയർ സംഘങ്ങൾക്കും ആധുനിക കയർ പിരി മെഷീൻ നൽകിയിട്ടുണ്ട്.  അഡ്വ : എ. എം ആരിഫ് എം. പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.  പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കെ. എസ്.കെ.എം. എം. സി  ചെയർമാൻ പി. പ്രസാദ്,  സംഘം പ്രസിഡന്റ്‌ പി. സി കുഞ്ഞച്ചൻ, കയർ പ്രോജക്ട് ഓഫീസർ കെ. ഇന്ദിര,  കയർ ഇൻസ്‌പെക്ടർ കലമോൾ എന്നിവർ സംസാരിച്ചു.

 

--

date