പുന്നപ്രയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിബന്ധനകളോടെ തുറക്കും
ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിബന്ധനകളോടെ ഓഗസ്റ്റ് 21 മുതൽ തുറക്കാൻ അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവായി. കോവിഡ് രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി പുന്നപ്ര വടക്ക് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ്സോൺ ആയി പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുറക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടർ എ അലക്സാണ്ടർ ഉത്തരവായി.
മാർഗ്ഗ നിർദ്ദേശങ്ങൾ...
1. വ്യവസായ എസ്റ്റേറ്റിലേക്കുള്ള പ്രവേശനം പറവൂർ ജംഗ്ഷൻ വഴി മാത്രമായിരിക്കും. വ്യവസായ എസ്റ്റേറ്റിലേക്കുള്ള പ്രവേശനം താഴെ പറയുന്ന സമയക്രമപ്രകാരം ആയിരിക്കും
രാവിലെ 8 മുതൽ 9 വരെയും ഉച്ചക്ക് 2 മുതൽ 2.30 വരെയും, വൈകിട്ട് 6.00 മുതൽ 7.00 വരെയുമാണ് എസ്റ്റേറ്റ് ലേക്കുള്ള സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിനുള്ള യാത്രാ സമയം.
2. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുനിന്നും വരുന്ന തൊഴിലാളികളെ മാത്രമേ എസ്റ്റേറ്റിന് ഉള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ .
3. നിലവിൽ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് കണ്ടെയ്ൻമെന്റ് കാലയളവിൽ മിനിമം വേതനം തൊഴിലുടമ നൽകേണ്ടതാണ്.
4. എല്ലാ തൊഴിലാളികളും സ്ഥാപനത്തിൻറെ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിരിക്കണം.
5. തൊഴിലാളികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും പ്രത്യേകം വാഹനം യൂണിറ്റുകൾ ഏർപ്പെടുത്തേണ്ടതാണ്. ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ മുൻകൂട്ടി പൊലീസിന് കൈമാറേണ്ടതാണ്. തൊഴിലുടമ ഏർപ്പെടുത്തുന്ന വാഹനത്തിൽ അല്ലാതെ സ്വകാര്യ വാഹനങ്ങളിൽ തൊഴിലാളികളെ പ്രവേശിപ്പിക്കരുത്.
6. കമ്പനി പറവൂർ ജംഗ്ഷനിൽ നിന്നും തൊഴിലാളികളെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോകുകയും തിരികെ കൊണ്ടുവിടുകയും വേണം.
7. പുറത്തുനിന്നു വരുന്ന ഗുഡ്സ് വാഹനങ്ങൾ യൂണിറ്റുകളിൽ പ്രവേശിക്കും മുമ്പ് സാനിട്ടൈസ് ചെയ്യണം. വാഹനത്തിലെ ഡ്രൈവർമാർ പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
8. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത ക്യു ആർ കോഡ് കമ്പനികളുടെ പ്രവേശനകവാടത്തിൽ പതിപ്പിക്കേണ്ടതും ജീവനക്കാർ ഉൾപ്പെടെയുള്ളവർ ക്യു ആർ കോഡ് സ്കാൻ ചെയ്തു മാത്രമേ കമ്പനികളിൽ പ്രവേശിക്കാൻ പാടുള്ളൂ.
9. കണ്ടൈൻമെന്റ് സോൺ പിൻവലിക്കുന്നതുവരെ സന്ദർശകരെ യൂണിറ്റിനുള്ളിൽ പ്രവേശിക്കാൻ പാടില്ല.
10. ജോലിക്ക് വരുന്നവർ ഷിഫ്റ്റ് കഴിഞ്ഞതിനുശേഷം മാത്രമേ പുറത്തു പോകാൻ പാടുള്ളൂ.
11. ജീവനക്കാർക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ഫേസ് മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് എന്നിവ അടക്കം സ്ഥാപനങ്ങൾ ലഭ്യമാക്കേണ്ടതാണ്.
12. പനി ചുമ ജലദോഷം എന്നിവയുള്ള ജീവനക്കാരെ യാതൊരു കാരണവശാലും ജോലിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല.
13. ജോലി കഴിഞ്ഞതിനുശേഷം എല്ലാദിവസവും സ്ഥലവും പരിസരവും ഹൈപ്പോക്ലോറൈഡ് സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
14. ജീവനക്കാർ ഉപയോഗിക്കുന്ന കസേര, ടേബിൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എല്ലാം സാനിറ്റൈസർ അല്ലെങ്കിൽ ഹൈപ്പോക്ലോറൈഡ് സൊല്യൂഷൻ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ശുചിയാക്കേണ്ടതാണ്.
ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്, പുന്നപ്ര എസ് എച്ച് ഒ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, ജില്ലാ ലേബർ ഓഫീസർ, പഞ്ചായത്ത് വാർഡ് മെമ്പർ, പഞ്ചായത്ത് മെഡിക്കൽ ഓഫീസർ, സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന ജാഗ്രതാസമിതി ഉറപ്പുവരുത്തേണ്ടതുമാണ്.
- Log in to post comments