Skip to main content

കൈരളിയിൽ ഓണം വിപണനമേള

എറണാകുളം :കരകൗശല വികസന കോര്‍പ്പറേഷന്റെ  എറണാകുളം ശാഖയായ എം.ജി. റോഡിലുള്ള കൈരളിയില്‍ ഈ വര്‍ഷത്തെ ഓണം വിപണന മേള  ആരംഭിച്ചു. കേരള കൈത്തറി ഉല്പന്നങ്ങളായ കുത്താമ്പുള്ളി സാരികള്‍, സെറ്റു മുണ്ടുകള്‍, കസവുമുണ്ടുകള്‍, മറ്റു ഡ്രസ്സ് മെറ്റീരിയലുകള്‍, മധുര ചുങ്കിടി സാരികള്‍, ഒഡീഷയില്‍ നിന്നുള്ള പട്ടചിത്ര പെയിന്‍റിങ്ങുകള്‍, തിരുപ്പൂര്‍ കോട്ടണ്‍ ഉല്പന്നങ്ങള്‍, ഖാദി കുര്‍ത്തകള്‍, ഷര്‍ട്ടുകള്‍, കന്യാകുമാരിയില്‍ നിന്നുള്ള കട്ട്വര്‍ക്ക് ചെയ്ത സോഫാ കവറുകള്‍, ബെഡ്ഷീറ്റുകള്‍, ഭഗല്‍പൂരി ഡ്രെസ്സ് മെറ്റീരിയലുകള്‍, വിവിധ തരം ആഭരണങ്ങള്‍ എന്നിവയുടെ ശേഖരവുമായാണ് കൈരളി ഇത്തവണ  ഓണത്തെ വരവേല്‍ക്കുന്നത്.   തനതു കരകൗശല ഉല്പന്നങ്ങളായ ആറന്മുള  കണ്ണാടി, നെട്ടൂര്‍പ്പെട്ടി, വിവിധതരം ശില്പങ്ങള്‍, കഥകളി രൂപങ്ങള്‍, സുഗന്ധദ്രവ്യങ്ങളടങ്ങിയ ബോട്ടുകള്‍, ബോക്സുകള്‍ തുടങ്ങിയവയും വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. 5 അടി ഉയരമുള്ള ഈട്ടിത്തടിയില്‍ നിര്‍മ്മിച്ച നിലവിളക്കും, തേക്കിന്‍ തടിയില്‍ നിര്‍മ്മിച്ച 6 അടി നീളവും 3 അടി വീതിയും വരുന്ന ക്രിസ്തുവിന്‍റെ തിരുവത്താഴരൂപവും പ്രത്യേക ആകർഷണങ്ങൾ ആണ്.    എല്ലാ ഉല്പന്നങ്ങള്‍ക്കും 10% ഗവണ്‍മെന്‍റ്  റിബേറ്റ് ലഭ്യമാകുന്നതാണ്. സെപ്റ്റംബർ 16  വരെയാണ് വിപണന മേള നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  ഞായറാഴ്ചകളടക്കം എല്ലാ അവധി ദിവസങ്ങളിലും ഷോറൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

date