മക്കരപ്പറമ്പ് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉയരുന്നത് നാല് അങ്കണവാടി കെട്ടിടങ്ങള്‍
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഷിക പദ്ധതികളിലായി നാലു അങ്കണവാടി കെട്ടിടങ്ങളുടെ പണികള്‍ പുരോഗമിക്കുന്നു. പഞ്ചായത്തിലെ 18 അങ്കണവാടികളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത നാല് അങ്കണവാടികള്‍ക്കുള്ള സ്ഥലം കണ്ടെത്തുകയും അതില്‍ രണ്ട് അങ്കണവാടികളുടെ പണികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. കാച്ചിനിക്കാട് കരുവള്ളിക്കുളമ്പ്, വടക്കാങ്ങര ആലുങ്കുന്ന്, മേലേകാളാവ്, നാറാണത്ത് എന്നിവിടങ്ങളിലാണ് അങ്കണവാടികള്‍ പണിയുന്നത്. കാച്ചിനിക്കാട് കരുവള്ളിക്കുളമ്പ്, വടക്കാങ്ങര ആലുങ്കുന്ന് എന്നിവിടങ്ങളിലുള്ള അങ്കണവാടികളുടെ തറപ്പണികള്‍ പൂര്‍ത്തിയായി. മേലേകാളാവ് അങ്കണവാടി കെട്ടിടം പണിയുന്നതിനുള്ള സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞതായും നാറാണത്തില്‍ അങ്കണവാടി പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് ഹബീബ കരുവള്ളി അറിയിച്ചു. സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
ആധുനിക സൗകര്യങ്ങളോടു കൂടി ശിശുസൗഹൃദമായാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഒരു മുറി, ഹാള്‍, അടുക്കള, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി സ്റ്റോര്‍ മുറി, ബാത്‌റൂം എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കുന്നത്. പഞ്ചായത്തിലെ സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികളും ശിശുസൗഹൃദമായി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ ചിത്രങ്ങളോട് കൂടിയ ചുമരുകള്‍, കളിപ്പാട്ടങ്ങള്‍, ടി.വി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്ത അഞ്ചു അങ്കണവാടികളും എല്ലാ സൗകര്യങ്ങളോടും കൂടിയ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ഉള്‍പ്പെടെ 15 ലക്ഷം രൂപ ചെലവിലാണ് കാച്ചിനിക്കാട് കരുവള്ളിക്കുളമ്പ് അങ്കണവാടി നിര്‍മിക്കുന്നത്. എം.ജി.എന്‍.ആര്‍.ഇ.ജി എസ് ഫണ്ട് അഞ്ചു ലക്ഷം രൂപയും സാമൂഹ്യനീതി വകുപ്പിന്റെ രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ ഏഴു ലക്ഷം രൂപ ചെലവിലാണ് വടക്കാങ്ങര ആലുങ്കുന്ന് അങ്കണവാടിയുടെ നിര്‍മാണം.
- Log in to post comments