കുഴിക്കോട്ടാപറമ്പ് ലക്ഷം വീട് കോളനി നിവാസികള്‍ക്ക് പട്ടയം; സാധ്യത പരിശോധിക്കും
ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ കുഴിക്കോട്ടാപറമ്പ് ലക്ഷം വീട് കോളനിയിലെ 46 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് ഇക്കാര്യം അറിയിച്ചത്.
വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ഇല്ലാത്തതുമൂലം കോളനിനിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ ടി.പി. മോഹന്‍ദാസ് അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വ്യക്തിഗത അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ആര്‍.ഡി.ഒയെയും തഹസില്‍ദാരെയും ചുമതലപ്പെടുത്തി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ അദാലത്തില്‍ പരിഗണിച്ച 18പരാതികളില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികളില്‍ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ അയല്‍ പുരയിടത്തിന്‍റെ ഉടമ മണ്ണ് നീക്കം ചെയ്തത് മൂലം ശുചി മുറി ഇടിഞ്ഞു വീണതു സംബന്ധിച്ച് അയ്മനം സ്വദേശിനി ലക്ഷ്മി കുട്ടപ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ സെപ്റ്റംബര്‍ 16ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്തി ആര്‍.ഡി.ഒ ഹിയറിംഗ് നടത്തും.
പരിപ്പ് തൊള്ളായിരം പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ പി.എം ജി.എസ്.വൈ പ്രോജക്ട് ഇംപ്ലിമെന്‍റേഷന്‍ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വസ്തുവിന്‍റെ അതിര്‍ത്തി നിര്‍ണ്ണയം, കൃഷിഭൂമിയിലെ വെള്ളക്കെട്ട് , ഭവന നിര്‍മ്മാണ പദ്ധതി സഹായം, വിദ്യാഭ്യാസ ലോണ്‍, അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റല്‍, റീ സര്‍വ്വേ അപാകത തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു.
എ.ഡി.എം. അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ ടി.കെ. വിനീത്, തഹസീല്‍ദാര്‍ പി.ജി രാജേന്ദ്ര ബാബു എന്നിവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ താലൂക്കുകളിലെയും ആദ്യ ഘട്ട പരാതി പരിഹാര അദാലത്ത് പൂര്‍ത്തിയായി.
- Log in to post comments