Skip to main content

കുടുംബശ്രീ വഴി കിണര്‍ റീചാര്‍ജ്ജിംഗ്

മഴവെള്ള സംഭരണ രീതിയായ കിണര്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ഇനി പരിശീലനം ലഭിച്ച കുടുംബശ്രീ സി ഡി എസുകളും നിര്‍മാണ ഗ്രൂപ്പുകളും എത്തും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
കോവിഡിന്റെ പാശ്ചാത്തലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ വിവിധ പഞ്ചായത്തുകള്‍ക്ക് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഉറവിട മാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി കമ്പോസ്റ്റ് നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കണമെന്നും കലക്ടര്‍ പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് എത്രയും വേഗം നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
എം ജി എന്‍ ആര്‍ ഇ ജി എസ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ ലാസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2305/2020)

 

date