കേന്ദ്രാവിഷ്‌കൃത പദ്ധതി: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിച്ച് വിലയിരുത്തുന്ന സമിതി(ദിശ) പദ്ധതികള്‍ സംബന്ധിച്ച് വകുപ്പുകള്‍ സമര്‍പ്പിച്ച പ്രവര്‍ത്തന രേഖകളുടെ പുരോഗതി വിലയിരുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക വികസനത്തിന് അനുവദിക്കപ്പെട്ട തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ജില്ലാതലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാകണമെന്നും എം പി നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകന യോഗത്തില്‍ എം പി മാരായ കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം ലക്ഷ്യമാക്കി ആരംഭിച്ച ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന(ഡി ഡി യു ജി ജെ വൈ), ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്‌മെന്റ് സ്‌കീം(ഐ പി ഡി എസ്) എന്നിവ പൂര്‍ത്തിയായി.
പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ സഡക് യോജന(പി എം ജി എസ് വൈ) വഴി 11 ബ്ലോക്കുകളിലെ 98 കിലോമീറ്ററുകളിലായി റോഡ് നിര്‍മാണം നടന്നുവരുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി പട്ടികവര്‍ഗ്ഗ മേഖലയില്‍ വര്‍ഷം 200 തൊഴില്‍ ദിവസങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും എം ജി എന്‍ ആര്‍ ഇ ജി എസ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ ലാസര്‍ അറിയിച്ചു.
പോക്‌സോ കേസുകളില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ വനിതാ ശിശുസംരക്ഷണ ഓഫീസറുടെ സാന്നിധ്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കുടുംബശ്രീ മിഷന്റെ പ്രധാന്‍മന്ത്രി ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്‍ യോജന വഴി ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുവാനും 593 പേര്‍ക്ക് ജോലി നേടാന്‍ സാധിച്ചെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ് പറഞ്ഞു.
ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള മാലിന്യ നിര്‍മാര്‍ജനത്തിലും സംസ്‌കരണത്തിലും കൈവരിച്ച പുരോഗതികള്‍ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍ യോഗത്തിലവതരിപ്പിച്ചു.
കോവിഡ് പരിശോധനയും ചികിത്സയുമായും ബന്ധപ്പെട്ട് പാരിപ്പളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപതിയിലും നിരവധി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ദേശീയ ആരോഗ്യ മിഷന് കഴിഞ്ഞിട്ടുണ്ട്. ആര്‍ റ്റി പി സി ആര്‍ ലാബ്, ബേണ്‍സ് യൂണിറ്റ് എന്നിങ്ങനെ നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഗുണകരമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
മേയര്‍ ഹണി ബെഞ്ചമിന്‍, ഡി ഡി സി പ്രൊജക്റ്റ് ഓഫീസര്‍ ടി കെ സയൂജ, എ സി പി എ.പ്രതീപ്കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ റീനാ ചാക്കോ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസന്ന കുമാരി, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2309/2020)
- Log in to post comments