Skip to main content

ഓണത്തിന് നിരീക്ഷണവും  നിയന്ത്രണവും   ശക്തിപെടുത്തും  - ജില്ലാ കലക്ടര്‍

കോവിഡ് വ്യാപന സാധ്യത പരിഗണിച്ച് ഓണത്തോടനുബന്ധിച്ച് കടകളില്‍ സമയക്രമവും സാമൂഹിക അകലവും ഉറപ്പുവരുത്തുന്നതടക്കമുള്ള നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍  മത്സ്യത്തൊഴിലാളികളുടെ  വിവരം ചേര്‍ക്കല്‍ കാര്യക്ഷമമാക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ നല്‍കി.
ക്ലസ്റ്റര്‍തല വിലയിരുത്തലുകളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനകളും ശക്തമാക്കും. വഴിയോരകച്ചവടക്കാര്‍ക്ക് നിരീക്ഷണം സാധ്യമായ മേഖലകളില്‍ സൗകര്യമൊരുക്കും. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അടച്ച ഹാര്‍ബറുകള്‍ തുറക്കുകയെന്നും കലക്ടര്‍  അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, പാരിപ്പളി സര്‍ക്കാര്‍  മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ആര്‍ ഡി ഒ മാരായ സി ജി ഹരികുമാര്‍, ബി ശശികുമാര്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ജൂനിയര്‍ സൂപ്രണ്ട് അസിം സേട്ട് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2320/2020)

 

date