Skip to main content

യാഥാര്‍ഥ്യമാകുന്നത് മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം: മുഖ്യമന്ത്രി പിണറായി വിജയന്‍

എറണാകുളം: മറൈന്‍ ആംബുലന്‍സ് എന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  
മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാകവചമൊരുക്കുന്ന മൂന്ന് അത്യാധുനിക മറൈന്‍ ആംബുലന്‍സുകളില്‍ ആദ്യത്തേതായ പ്രതീക്ഷയുടെ ഫ്‌ളാഗ് ഓഫ്  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് വെച്ചു തന്നെ ചികിത്സ ലഭ്യമാക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2018 മെയ് 31 നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി കരാറിലേര്‍പ്പെടുന്നത്.  മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് നിര്‍മ്മിക്കുള്ളത്. ഒരു ബോട്ടിന് ആറു കോടി എട്ട് ലക്ഷം രൂപ വെച്ച് 18 കോടി 24 ലക്ഷം രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക. ഓഖി ദുരിതാശ്വാസ പാക്കേജില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 7 കോടി 14 ലക്ഷം രൂപ, ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 2 കോടി ഇത്രയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കൂടാതെ ഒരു ആംബുലന്‍സിന്റെ നിര്‍മ്മാണ ചെലവ് പൂര്‍ണ്ണമായും ബിപിസിഎല്‍ ഏറ്റെടുത്തു. മറ്റൊന്നിന്റെ പകുതി ചെലവ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടില്‍ നിന്നാണ്. മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല അവരെപ്പറ്റി ചിന്തിക്കുന്ന എല്ലാവരും സന്തോഷിക്കുന്ന അവസരാണിതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ സൈനികരായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള രക്ഷാകവചമാണ് ഈ മറൈന്‍ ആംബുലന്‍സ് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു.ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ്ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്. കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികള്‍ അറിയപ്പെടുന്നത്. പ്രളയകാലത്ത് എഴുപതിനായിരത്തോളം പേരെയാണ് അവര്‍ രക്ഷപ്പെടുത്തിയത്.  
പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നീ മൂന്ന് ആംബുലന്‍സുകളാണ് പുറത്തിറക്കുന്നത്. ഏത് പ്രതിസന്ധിയിലും പ്രതീക്ഷ നല്‍കുവാന്‍, പ്രത്യാശയോടെ മുന്നോട്ട് പോകുവാന്‍, സഹജീവികളോടുള്ള കാരുണ്യമുയര്‍ത്തിപ്പിടിക്കാന്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ ആംബുലന്‍സുകള്‍ പുറത്തിറക്കുന്നത്. 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിധമാണ് ബോട്ടിന്റെ രൂപകല്‍പ്പന. പട്രോളിംഗിനു കൂടി ഇവ ഉപയോഗിക്കും. ആപത്ത് വന്നാല്‍ ഉടനെത്താനും പത്ത് പേര്‍ക്ക് വരെ സ്പെഷ്യല്‍ കെയര്‍ കൊടുക്കാന്‍ കഴിയുന്ന ക്രിട്ടിക്കല്‍ കെയര്‍ സംവിധാനവും ആംബുലന്‍സിലുണ്ട്.

date