Skip to main content

നിലം നികത്തി റോഡ് പണിയുവാനുള്ള നീക്കം പൊതുമരാമത്ത് മന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു

 

ആലപ്പുഴ: നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന കരുവാറ്റ - കുപ്പപ്പുറം റോഡില്‍ നിലം നികത്തി റോഡ് പണിയുവാനുള്ള നീക്കം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.

നിലം നികത്തി റോഡ് പണിയരുതെന്ന് സര്‍ക്കാര്‍ വന്നപ്പോള്‍ തന്നെ ഉത്തരവിറക്കിയിരുന്നു. അതിന്‍ പ്രകാരം നിലം നികത്തി റോഡോ പാലങ്ങളോ നിര്‍മ്മിച്ചിട്ടില്ല. ‍ ഇവിടെയും നിര്‍മ്മിക്കരുത് എന്ന ഉത്തരവ് കൊടുത്തതിന് വിപരീതമായിട്ടാണ് ഇപ്പോള്‍ നിലം നികത്താന്‍ ശ്രമിച്ചത്.

12 ലോഡ് മണല്‍ കോണ്‍ട്രാക്ടര്‍ കൊണ്ടുവന്നിട്ട് ഒരു ലോഡ് വിതറി. ഇതറിഞ്ഞ് മന്ത്രി ഫോണില്‍ വിളിച്ച് പ്രവൃത്തി നിര്‍ത്തിവെപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വരുന്നവഴി നാട്ടുകാര്‍ വിളിച്ച് അറിയിച്ചതനുസരിച്ചാണ് നിര്‍ത്തിവെപ്പിച്ചത്. ബാക്കിയുള്ള ലോഡുകള്‍ തിരിച്ചയപ്പിച്ചു. ഇറക്കിയ ലോഡ് തിരിച്ച് വാരിക്കുകയും ചെയ്തു.

എക്സിക്യൂട്ടിവ് എഞ്ചിനീയറെ വിളിച്ച് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോടും അസിസ്റ്റന്‍റ് എഞ്ചിനീയറോടും ഓവര്‍സിയറോടും വിശദീകരണം വാങ്ങി ഇന്ന് തന്നെ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കോണ്‍ട്രാക്ടറോട് വിശദീകരണം തേടാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. വിശദീകരണം ലഭിച്ച ശേഷം, നിലംനികത്തി റോഡ് പണിയാന്‍ നിരോധനം ഉണ്ടായിട്ടും അത് ചെയ്തതിന് നടപടിയുണ്ടാകുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

date