സപ്ലൈകോ പീപ്പിൾസ് ബസാർ & ഗൃഹോപകരണ വിൽപ്പനശാല നാടിന് സമർപ്പിച്ചു മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ : സപ്ലൈകോയുടെ ചേർത്തലയിലെ നവീകരിച്ച പീപ്പിൾസ് ബസാർ & ഗൃഹോപകരണ വിൽപ്പനശാല ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നാടിന് സമർപ്പിച്ചു. കമ്പോളത്തിലെ വിലക്കയറ്റം ഉൾപ്പെടെയുള്ളവ തടയാൻ സംസ്ഥാനവ്യാപകമായി പൊതുവിതരണ വകുപ്പ് ശക്തമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്തെ വിലക്കയറ്റം തടയാനും സാധനങ്ങൾക്ക് വലിയ വില അടിച്ചേല്പിക്കാതിരിക്കാനുമുള്ള വിപണി ഇടപെടലും സർക്കാർ നടത്തി വരികയാണ്.
സാധനങ്ങളുടെ അമിത വില നിയന്ത്രിക്കാൻ ആവശ്യമുള്ള നടപടികൾ അധികാരത്തിലേറിയതു മുതൽ സർക്കാർ ഫലപ്രദമായി നടത്തി വരികയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ വലിയ ബാധ്യത ഏറ്റെടുത്തു കൊണ്ടു വിപണി ഇടപെടൽ നടത്തി വരികയാണ് സംസ്ഥാന സർക്കാർ. അതിന് ഒരു തടസവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാക്കുക എന്നതാണ് സപ്ലൈകോ അതിന്റെ പ്രവർത്തനത്തിലൂടെ നടപ്പാക്കിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാരിന് സാധിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ജനങ്ങൾക്ക് സുഭിക്ഷമായി കഴിയാനുള്ള ഗുണമേന്മയുള്ള അരിയും ലോക്ക്ഡൗൺ കാലയളവിൽ 86 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയതും. ഈ പ്രതിസന്ധിയുടെ കാലത്ത് ഓണമാഘോഷിക്കാനാണ് സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്‌തു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ മേഖലയിലും സർക്കാർ നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങളെകുറിച്ചു ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും വികസന പ്രവർത്തനങ്ങളെ വില കുറച്ചുകാണിക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എ എം ആരിഫ് എം പി ആദ്യ വിൽപ്പന നടത്തി. മന്ത്രി പി തിലോത്തമന്റെ നിർദ്ദേശപ്രകാരമാണ് സപ്ലൈകോ ഔട്ട്ലെറ്റ് നവീകരിച്ച് ഗൃഹോപകരണ വിൽപ്പനശാലയായി ഉയർത്തിയത്. നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനോതോടൊപ്പം കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ ഔട്ട്‌ലെററ്റ് ഗൃഹോപകരണ സാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും പീപ്പിൾസ് ബസാർ ആയി നവീകരിച്ചത്. ബജാജ് ഇലക്ട്രിക്കൽസ്, ഹാവൽസ് ഇന്ത്യ ലിമിറ്റഡ്, ഹോക്കിൻസ് പ്രസ്റ്റീജ്, നോൾട്ട, എൽജി, ഗോദറേജ് എന്നീ പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങൾ കുറഞ്ഞ നിരക്കിൽ സപ്ലൈകോ ഔട്ലെറ്റിൽ ലഭ്യമാണ്. ചേർത്തല പടിഞ്ഞാറെ കനാൽ റോഡിന് സമീപമുള്ള വി ജി നാരായണഭട്ടിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ ചേർത്തല നഗരസഭ അധ്യക്ഷൻ വി ടി ജോസഫ് അധ്യക്ഷത വഹിച്ചു . നഗരസഭ പ്രതിപക്ഷ നേതാവ് എൻ ആർ ബാബുരാജ്, വാർഡ് കൗൺസിലർ വി എ സുരേഷ് കുമാർ, സപ്ലൈകോ ചെയർമാൻ & മാനേജിങ് ഡയറക്ടർ അലി അസ്ഗർ പാഷ, സപ്ലൈകോ റീജിയണൽ മാനേജർ മിനി എൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments