ലൈഫിന്റെ' തണലില്‍ ബീനയും മകളും ഹാപ്പിയാണ്
ബീനയ്ക്കും മകള്‍ സഞ്ജനയ്ക്കും ഇത് സ്വന്തം വീട്ടിലെ ആദ്യ ഓണമാണ്. കാട്ടു മൃഗങ്ങളെ ഭയന്ന് പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞു കൂടിയ വര്‍ഷങ്ങള്‍ ഓര്‍ക്കാന്‍ ഇപ്പോഴും ഭയമാണ്. സുരക്ഷിതമായ ഒരു വീട്ടില്‍ ഭയമില്ലാതെ കഴിയുക എന്നത് അവരുടെ ഒരു സ്വപന്മായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ഇന്നത് സാധ്യമായതിന്റെ സന്തോഷം അവരുടെ കണ്ണുകളില്‍ കാണാം.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പൂഴിയോട് സ്വദേശി ബീന രണ്ടു വര്‍ഷക്കാലം കാട്ടുമൃഗങ്ങളുടെ ശല്യം ഭയന്ന് കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് പ്ലാസ്റ്റിക് ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. അതിന്റെ ഭീതി ബീനയുടെ കണ്ണുകളില്‍ നിന്ന് മാഞ്ഞ് തുടങ്ങുന്നതേ ഉള്ളൂ. ലൈഫ് മിഷന്‍ ജീവിതത്തിന് ചുവരുകള്‍ കെട്ടിപ്പടുക്കുന്നത് വരെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടു മറച്ച ഒരു ഷെഡില്‍ ആയിരുന്നു ബീനയും മകള്‍ ഒന്നാം ക്ലാസ്സുകാരി സഞ്ജനയും അന്തിയുറങ്ങിയിരുന്നത്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ കുറിച്യ വിഭാഗത്തില്‍പ്പെട്ട ബീനയ്ക്കും കുടുംബത്തിനും ആകെയുണ്ടായിരുന്നത് തറവാട്ടു വിഹിതത്തില്‍ നിന്നും ലഭിച്ച ആറു സെന്റ് സ്ഥലം മാത്രമായിരുന്നു. ഭര്‍ത്താവ് രാജു നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ആയതിനാല്‍ മാസങ്ങളുടെ ഇടവേളയിലാണ് നാട്ടിലെത്താറുള്ളത്. അല്ലാത്തപ്പോഴൊക്കെയും തനിച്ചായ ബീന ആറ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ചു യാതൊരു അടച്ചുറപ്പുമില്ലാതെ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ഷെഡില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.
പഞ്ചായത്ത് മെമ്പര്‍ വഴിയാണ് ലൈഫ് ഭവന പദ്ധതിയെകുറിച്ചു അറിയുന്നതും അപേക്ഷ നല്‍കുന്നതും. മകളുടെ കൈയും പിടിച്ച് തന്റെ വിദൂര സ്വപ്നത്തിലേക്ക് ഉള്ള യാത്രയായിരുന്നു പിന്നീടുള്ള മാസങ്ങള്‍. പദ്ധതിയില്‍ പൂര്‍ത്തിയായ തങ്ങളുടെ കുഞ്ഞു വീട്ടില്‍ ആദ്യ ഓണം ആഘോഷിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ബീനയും മകളും. കൊറോണ നിയന്ത്രണങ്ങള്‍ കാരണം ഭര്‍ത്താവിന് നാട്ടിലെത്താന്‍ കഴിയുമോ എന്ന സങ്കടം ഉണ്ടെങ്കിലും സഞ്ജന കൃഷ്ണാലയം എന്ന പുതിയ വീടിന്റെ കോലായില്‍ ഭര്‍ത്താവിനെയും പ്രതീക്ഷിച്ച് കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ച് പുതിയൊരു ജീവിതം സ്വപ്നം കാണുകയാണ് ബീന
- Log in to post comments