ഹലോ ഇംഗ്ലീഷ് വിജയപ്രഖ്യാപനം
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കാനായി 'ഹലോ ഇംഗ്ലീഷ്' പദ്ധതി ജില്ലയില്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ട്രൈ-ഔട്ട് പരിശീലനം പൂര്‍ത്തിയായ പൂമംഗലം യു.പി.സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ 'ഹലോ ഇംഗ്ലീഷ്' വിജയപ്രഖ്യാപനം നടത്തി. അധ്യാപകപരെ ആദരിക്കുകയും ചെയ്തു.
മാര്‍ച്ച് 7 മുതല്‍ 12 വരെ 5 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 7ാംതരത്തിലെ 33 കുട്ടികള്‍ സ്‌കിറ്റുകളും സംഭാഷണങ്ങളും അനുഭവവിവരണവും ഇംഗ്ലീഷില്‍ അവതരിപ്പിച്ചത് രക്ഷിതാക്കളും ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഇത്തരം പരിശീലന പദ്ധതി ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ വി നാരായണന്റെ അധ്യക്ഷതയില്‍ എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ പി വി പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി. പി ഐ സുഗുണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, എസ് എസ് എ പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, വിശ്വനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ലളിത, വാര്‍ഡ് മെമ്പര്‍ പി ലക്ഷ്മണന്‍, ബി പി ഒ എസ് പി രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ക്ലാസ് നയിച്ച രാഗേഷ്, ഇ വി സന്തോഷ് കുമാര്‍ എന്നീ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനുഭവങ്ങള്‍ പങ്കുവച്ചു. ഹെഡ്മാസ്റ്റര്‍ സി സത്യനാരായണന്‍ സ്വാഗതവും പി ടി എ പ്രസിഡന്റ് പി അബ്ദുറഹ്മാന്‍ നന്ദിയും രേഖപ്പെടുത്തി.
പി എന്‍ സി/500/2018
- Log in to post comments