ജില്ലാതല പട്ടയവിതരണോദ്ഘാടനം ഇന്ന് : മന്ത്രി ഇ.ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിക്കും 2448 പട്ടയങ്ങൾ വിതരണം ചെയ്യും
ജില്ലാതല പട്ടയവിതരണം ഇന്ന് (സെപ്റ്റംബർ 7) രാവിലെ 11ന് പാലക്കാട് ജില്ലാ കലക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും ഓൺലൈനായി നടക്കുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. പട്ടികജാതി- പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ- നിയമ-സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ ഓൺലൈനായി അധ്യക്ഷനാവുന്ന പരിപാടിയിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി പട്ടയ വിതരണോദ്ഘാടനം നിർവഹിക്കും.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലമ്പുഴ എം.എൽ.എയുമായ വി.എസ് അച്യുതാനന്ദൻ, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.വി വിജയദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയർ പേഴ്സൺ പ്രമീള ശശിധരൻ, എന്നിവർ കലക്ട്രേറ്റിൽ സന്നിഹിതരായിരിക്കും.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കലക്ടറേറ്റിലും ജില്ലയിലെ മറ്റ് അഞ്ച് താലൂക്കുകളിലുമായി പട്ടയവിതരണം നടക്കും. ആദിവാസി വിഭാഗങ്ങൾക്ക് നൽകുന്ന കെ.എസ്.ടി പട്ടയം ഉൾപ്പെടെ വിവിധ ഇനങ്ങളിലായുള്ള അഞ്ച് പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലയിലെ മറ്റു താലൂക്കുകളായ ഒറ്റപ്പാലം താലൂക്കിൽ ഷൊർണ്ണൂർ, ഒറ്റപ്പാലം എം.എൽ എന്മാരായ പി.കെ ശശി, പി.ഉണ്ണി എന്നിവരും പട്ടാമ്പി താലൂക്കിൽ തൃത്താല, പട്ടാമ്പി എം.എൽ.എന്മാരായ വി.ടി ബൽറാം , മുഹമ്മദ് മുഹ്സിൻ എന്നിവരും മണ്ണാർക്കാട് താലൂക്കിൽ അഡ്വ.എൻ.ഷുസുദീൻ എം.എൽഎയും ചിറ്റൂർ താലൂക്കിൽ കെ.ബാബു എം.എൽ.എ, ആലത്തൂർ താലൂക്കിൽ കെ.ഡി പ്രസേനൻ എം.എൽ.എ എന്നിവർ അഞ്ച് പട്ടയങ്ങൾ വീതം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും.
ജില്ലയിൽ പട്ടയ വിതരണത്തിനായി മിച്ചഭൂമി പട്ടയം, കെ.എസ്.ടി പട്ടയം , ഭൂമി പതിവ് പട്ടയം, ലക്ഷംവീട് പട്ടയം, നാല് സെന്റ് പട്ടയം , ലാൻഡ് ട്രിബ്യൂണൽ പട്ടയം എന്നിങ്ങനെ 2448 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. അവശേഷിക്കുന്ന പട്ടയങ്ങൾ ഓരോ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പട്ടയം കൈപ്പറ്റേണ്ടവരുടെ പട്ടികയും വില്ലേജ് ഓഫീസുകളിൽ നിന്നും പട്ടയം കൈപ്പറ്റണ്ട തിയ്യതി, സമയക്രമം എന്നിവ ഗുണഭോക്താക്കൾക്ക് നേരിട്ട് കത്ത് മുഖേനയും / സമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയിക്കും. കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ജനങ്ങൾ വില്ലേജ് ഓഫീസിൽ എത്താത്ത രീതിയിൽ സമയക്രമം നിശ്ചയിച്ച് നൽകുമെന്നും ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.
- Log in to post comments