Skip to main content

68 വര്‍ഷം ഒരുമിച്ചു പോരാടി: ഇവര്‍ ഇനി ജനിച്ച മണ്ണിന്റെ അവകാശികള്‍

കണ്ണടയും മുമ്പ് ജനിച്ച മണ്ണിന്റെ അവകാശികളായി തന്നെ ഈ ഭൂമിയോടു വിട പറയുക, ഇതായിരുന്നു 90 വയസുകാരിയായ നാണി  ഉള്‍പ്പെടെയുള്ള വവ്വാക്കാവിലെ നാല് കുടുംബങ്ങളുടെ ആഗ്രഹം. ഏഴു പതിറ്റാണ്ടോളം നീണ്ട നാല് കുടുംബങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടത്തിന് അവസാനം കുറിച്ച് പട്ടയം ഏറ്റുവാങ്ങുമ്പോള്‍ സര്‍ക്കാരിനോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്നറിയാതെ നിറകണ്ണുകളുമായി അവര്‍ നിന്നു.
1952 ല്‍ ജയ്പ്രകാശ് നാരായണന്‍ ഭൂദാന്‍ പദ്ധതി പ്രകാരം വീടും വസ്തുവും കൊടുത്തെങ്കിലും അന്ന് പട്ടയം നല്‍കിയിട്ടില്ലായിരുന്നു. മതിയായ രേഖകളില്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങി കൊടുക്കേണ്ടി വന്നു. എന്നാല്‍ കെ ആര്‍ ഗൗരിയമ്മ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇടപെട്ട് വീടുകള്‍ ഇവര്‍ക്ക് തിരിച്ചു നല്‍കി. പിന്നീട് വീണ്ടും പട്ടയത്തിനായുള്ള പോരാട്ടം തുടര്‍ന്നു. തുടക്കം മുതല്‍ നാല് കുടുംബങ്ങളും ഒരുമിച്ചാണ് പട്ടയത്തിന് ഇറങ്ങിതിരിച്ചത്. തുടര്‍ന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ യുടെ ശ്രമഫലമായി റവന്യൂമന്ത്രിയെ നേരിട്ട് കണ്ടു നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇവര്‍ക്ക് പട്ടയം ലഭിച്ചിരിക്കുന്നത്.
പട്ടയമില്ലാത്തതിന്റെ പേരില്‍ മക്കളുടെ സ്‌കോളര്‍ഷിപ്പ് തുകയും സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളില്‍  നിന്നും തഴയപ്പെട്ടതിന്റെ ഒരുപാട് കഥകള്‍  ഈ കുടുംബങ്ങള്‍ക്ക് പറയാനുണ്ട്.
കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷനില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്തു. വവ്വാക്കാവ് സ്വദേശികളായ പ്രിന്റ വീട്ടില്‍ നാണി, അംബിക  നിവാസില്‍ പത്മാകരന്‍, പുളിക്കശ്ശേരി വീട്ടില്‍ സോമരാജന്‍, കിഷോര്‍ ഭവനില്‍ രാധ എന്നീ നാല് കുടുംബങ്ങള്‍ക്കാണ് ഇന്നലെ  പട്ടയം നല്‍കിയത്. മൊത്തം 17 പേര്‍ക്കാണ് കരുനാഗപ്പള്ളി താലൂക്കില്‍ പട്ടയം വിതരണം ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നാല് പേര്‍ക്ക് മാത്രമാണ് ഇന്നലെ  പട്ടയം വിതരണം ചെയ്തത്. ബാക്കിയുള്ളവര്‍ക്ക് അതത് വില്ലേജ് ഓഫീസുകളില്‍ നിന്നും പട്ടയം വിതരണം ചെയ്യും.
ഇന്നലെ വിതരണം ചെയ്തതില്‍ നാലെണ്ണം മിച്ചഭൂമി പട്ടയവും, 11 എണ്ണം കോളനി പട്ടയവുമാണ്. കൂടാതെ ജ•ി-കുടിയാന്‍ വ്യവസ്ഥയില്‍ കിട്ടിയ രണ്ട് പട്ടയങ്ങള്‍ കൂടി വിതരണം ചെയ്തു. തഹസില്‍ദാര്‍ പി ഷിബു, ഭൂരേഖ തഹസില്‍ദാര്‍ പി ആര്‍ ഷൈന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് സജീവ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷീല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനില്‍ എസ് കല്ലേലിഭാഗം എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2368/2020)

 

date