അരൂക്കുറ്റി ജനകീയ ഹോട്ടൽ തുടങ്ങി
ആലപ്പുഴ : ജനകീയ ഹോട്ടലുകൾ വഴി നമ്മുടെ സംസ്ഥാനത്തെ, വിശക്കാത്ത കേരളമാക്കി മാറ്റാൻ കഴിഞ്ഞത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് എ.എം ആരിഫ് എംപി. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. വിശപ്പുരഹിത കേരളം പദ്ധതി വഴി സംസ്ഥാന സർക്കാർ ആരംഭിച്ച ജനകീയ ഹോട്ടലുകൾ ഈ നേട്ടം യാഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എംപി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ, പഞ്ചായത്ത് സെക്രട്ടറി ആർ.എ പ്രദീപ് കുമാർ എന്നിവർ ചേർന്ന് എംപിക്ക് കൈമാറി.
കുടുംബശ്രീ മിഷന്റെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് അരൂക്കുറ്റി പഞ്ചായത്തിൽ പനക്കത്തറ ജംഗ്ഷന് സമീപം ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് സി.ഡി.എസ് കമ്മിറ്റി തെരഞ്ഞെടുത്ത രുചി കാറ്ററിംഗ് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പുചുമതല.
ജനകീയ ഹോട്ടലില്‍ നിന്നും ഉച്ച ഊണും പ്രഭാത- സായാഹ്ന ഭക്ഷണവും ലഭിക്കും.
ഉച്ച ഊണിന് 20 രൂപയാണ് നിരക്ക്. പ്രഭാതഭക്ഷണം, സായാഹ്ന ഭക്ഷണം, ലഘുഭക്ഷണം, ചായ, കാപ്പി എന്നിവ നിലവിലുള്ള സര്‍ക്കാര്‍ നിരക്കില്‍ ലഭ്യമാണ്. പണം നൽകാനില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം നൽകും. ജില്ലാ പഞ്ചായത്തില്‍ നിന്നും 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 20,000 രൂപയും പ്രവർത്തന ഫണ്ടായി വകയിരുത്തിയിട്ടുണ്ട്. വെള്ളം, വൈദ്യുതി, കെട്ടിടം, ഫര്‍ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജനകീയ ഹോട്ടലിന് കുടുംബശ്രീ ജില്ലാ മിഷന്‍ 50,000 രൂപ റിവോൾവിങ് ഫണ്ടായും അനുവദിച്ചിട്ടുണ്ട്.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ആരംഭിക്കുന്ന പഠന കേന്ദ്രങ്ങളിൽ കെ.എസ്.എഫ്.ഇയുടെ സഹായത്തോടെ നൽകുന്ന ടിവി വിതരണവും ഇതോടൊപ്പം നടന്നു. ഷാനിമോൾ ഉസ്മാൻ എംഎൽഎ പഞ്ചായത്തിലെ ക്ലബ് പ്രതിനിധികൾക്ക് ടിവി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
സസ്പെന്റഡ് ബ്രെഡ് പദ്ധതിവഴി നിർധനർക്ക് സൗജന്യ ഭക്ഷണ കൂപ്പൺ വിതരണം ചെയ്യുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ് ചേർത്തല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ രാജപ്പൻ നായർക്ക് നൽകി നിർവഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ കൊച്ചപ്പൻ, ശ്യാമള സിദ്ധാർത്ഥൻ, പഞ്ചായത്ത് അംഗങ്ങളായ ദീപ സന്തോഷ്, പി.എം അഹമ്മദ് കുട്ടി, എച്ച്. യാസ്മിൻ, പി.എസ് ബാബു, ബി. വിനോദ്, ആബിദ അസീസ്, ഷാലിമാമോൾ, ഒ.കെ ബഷീർ, എം.അശോകൻ, സി.ഡി.എസ് ചെയർപേഴ്സൺ സരിത രാജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി.ജയ, കേരള സ്റ്റേറ്റ് മാരിടൈം ബോർഡ് മെമ്പർ അഡ്വക്കേറ്റ് എം.കെ ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments