Skip to main content

ഗ്രാന്റ് കെയര്‍ പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍  കൂടുതല്‍ ശ്രദ്ധ ചെലുത്തണം: കെ കെ ശൈലജ ടീച്ചര്‍

കൊവിഡ് കാലത്ത് വയോജന സുരക്ഷയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗ്രാന്റ് കെയര്‍ പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.  കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ  കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണനിരക്കും ഉയരാന്‍ സാധ്യത ഉണ്ട്. അത് പരമാവധി തടയാന്‍ നമുക്കാവണം. പ്രായമായവരുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. അതിനായി പഞ്ചായത്ത് തലത്തില്‍ ആരോഗ്യ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ഗ്രാന്റ് കെയര്‍ പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തിലെ മരണ നിരക്ക് വളരെ കുറവാണ്.  എന്നാല്‍ ഇതു തന്നെ വേദനാജനകമായ സ്ഥിതിയാണ്. ക്ലസ്റ്ററുകള്‍ ഉള്‍പ്പടെ രൂപീകരിച്ച് നിരീക്ഷണം കര്‍ശനമാക്കിയിട്ടും ചില ആളുകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് സ്ഥിതി ഇത്രത്തോളം സങ്കീര്‍ണ്ണമാക്കിയതെന്നും മന്ത്രി സൂചിപ്പിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 67 ശതമാനത്തോളം ആള്‍ക്കാര്‍ ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയെയാണ് ആശ്രയിച്ചിരുന്നത്.  ആ സ്ഥിതി ഇപ്പോള്‍ മാറി. അത് നേട്ടം തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുന്നോത്ത്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി കെട്ടിടം നിര്‍മ്മാണത്തിന് 2.15 കോടി രൂപയാണ്  സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.  അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് വാപ്കോസ്  ആണ്.
നിലവില്‍ പത്ത് ജീവനക്കാരാണ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഉള്ളത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ  ഭാഗമായി രണ്ട് ഡോക്ടര്‍മാര്‍ ഒരു സ്റ്റാഫ് നഴ്‌സ് ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തിക കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ നാരായണ നായ്ക്ക്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം കെ പി ചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി  അബ്ദുല്‍ ജലീല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി സാവിത്രി,  സ്ഥിരം സമിതി അംഗം പി കെ അനീഷ്, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, ഡിപിഎം പി കെ അനില്‍കുമാര്‍,  പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ ടി സല്‍മത്ത് തുടങ്ങിയവര്‍  പങ്കെടുത്തു

date