മികവിന്റെ കേന്ദ്രങ്ങള്‍; അഞ്ച് വിദ്യാലയങ്ങളില്‍ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം ഇന്ന്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ ജില്ലയിലെ അഞ്ച് വിദ്യാലയങ്ങളിലെ പുതിയ ബ്ലോക്കുകള്‍ സപ്തംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കരിവെള്ളൂര്‍ എ വി സ്മാരക ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ശ്രീകണ്ഠാപുരം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചിറക്കര ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെറുതാഴം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പാട്യം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മികവിന്റെ കേന്ദ്രങ്ങളായി പണിപൂര്‍ത്തിയാക്കിയ 34 കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുക. ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ ഒന്നു വീതം 141 വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി 5കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിയില്‍ 22 മികവിന്റെ കേന്ദ്രങ്ങള്‍ ഇതിനകം ഉദ്്ഘാടനം ചെയ്തു കഴിഞ്ഞു.
ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനാകും.ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്, മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍ കടകംപള്ളി സുരേന്ദ്രന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം പി മാര്‍, എം എല്‍ എ മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുക്കും
- Log in to post comments