Skip to main content

ലോക് അദാലത്ത് ഒക്ടോബര്‍ 17ന് ഇ-അദാലത്തായി നടത്തും

 

ആലപ്പുഴ: സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന ലോക് അദാലത്തുകള്‍ നിലവിലുള്ള കോവിഡ്- 19 സാംക്രമിക രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17ന് ഇ-അദാലത്ത് മുഖേന നടത്തും. സംസ്ഥാനത്തുള്ള ഹൈക്കോടതിയിലും ജില്ലാ കോടതി, എം.എ.സി.റ്റി കോടതി, സബ് കോടതി, മുന്‍സിഫ് കോടതി, മജിസ്ട്രേറ്റ് കോടതി തുടങ്ങിയ കോടതികളില്‍ നിലവിലുള്ള കേസുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കുന്നതാണ്. കോടതിയില്‍ എത്താത്ത തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ഇങ്ങനെയുള്ള പരാതികളും അദാലത്തില്‍ പരിഗണിക്കുവാന്‍ ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറി‌റ്റിയെ സമീപിക്കാം.. പരാതികളും അപേക്ഷകളും ഇ-മെയില്‍ വഴി സമര്‍പ്പിക്കേണ്ടതാണ്. പരാതിക്കാരന്റെയും എതിര്‍കക്ഷികളുടെയും ഇ-മെയില്‍ അഡ്രസ്സും , ഫോണ്‍നമ്പറും അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. നിലവിലെ സാഹചര്യങ്ങളില്‍ തീര്‍പ്പാക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള കേസുകള്‍, മോട്ടോര്‍ ആക്സിഡന്റ് കേസുകള്‍, സിവില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ , കുടുംബതര്‍ക്കങ്ങള്‍ (ഡിവോഴ്സ് ഒഴികെ) കോമ്പൌണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുന്നത്. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ മാസം 15-ാം തീയതിക്കു മുമ്പായി ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇ-മെയില്‍ വിലാസത്തില്‍ dlsaalpy100@gmail.com സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477-2262495 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date