Skip to main content

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പാക്കണം: തോമസ് ചാഴികാടന്‍ എം.പി

 

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കണമെന്ന്  തോമസ് ചാഴികാടന്‍ എം.പി നിര്‍ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ജില്ലാ ഡവലപ്മെന്‍റ് കോ-ഓര്‍ഡിനേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലക്ക് അര്‍ഹമായ വിഹിതം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും പദ്ധതി നിര്‍വഹണം സുഗമമാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ  നിര്‍വഹണ പുരോഗതി  ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ ഫണ്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനും  കൂലിയും 2019-20 വരെയുള്ള മെറ്റീരിയല്‍ ഫണ്ടും പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുവാനും കഴിഞ്ഞു.

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ 61 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. 101 കിലോമീറ്ററാണ് ആകെ അനുവദിച്ചിട്ടുള്ളത്. കോട്ടയം, പാലാ മുനിസിപ്പാലിറ്റികളില്‍ വൈദ്യുതി ബോര്‍ഡ് മുഖേന നടപ്പാക്കിയ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന, ഐ.പി.ഡി.എസ്  പദ്ധതികള്‍ പൂര്‍ത്തികരിച്ചു. നഗരങ്ങളോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ നഗരത്തിലുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്ന നാഷണല്‍ റര്‍ബ്ബന്‍ മിഷനില്‍ പൂര്‍ത്തീകരിച്ച മണര്‍കാട് - പുതുപ്പള്ളി ക്ലസ്റ്റര്‍ പദ്ധതിക്ക് ഗ്രാമവികസന മന്ത്രാലയത്തിന്‍റെ അനുമോദനം ലഭിച്ചിരുന്നു.

ആദര്‍ശ് ഗ്രാമം, പി.എം.എ.വൈ, കൃഷി സിഞ്ചായി യോജന, ഐ.സി.ഡി.എസ്, എം.പി ഫണ്ട് വിനിയോഗിച്ചുള്ള പ്രാദേശിക വികസന പദ്ധതികള്‍, വനിതാ ശിശുവികസനം, വനം, ഭക്ഷ്യ പൊതു വിതരണം എന്നീ വകുപ്പുകള്‍വഴി നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

ജില്ലാ കളക്ടര്‍ എം. അഞ്ജന, പി.എ. യു പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ എന്നിവര്‍ സംസാരിച്ചു. എംപിമാരുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date