Skip to main content

പൊന്നാനി കുടിവെള്ള പദ്ധതി ; അവലോകന യോഗം ചേര്‍ന്നു

 

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ  അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പുമന്ത്രി  കെ. കൃഷ്ണന്‍കുട്ടി,  ഉന്നത വിദ്യാഭ്യാസ -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായ വിതരണ ശൃംഖലയുടെ ഡി.പി.ആര്‍   ഉടന്‍ സമര്‍പ്പിച്ച് അംഗീകാരം നേടാന്‍ യോഗത്തില്‍ ധാരണയായി. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ജല ശുദ്ധീകരണ ശാല, കിണര്‍, പമ്പ് ഹൗസ്, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ പ്രവൃത്തി ഇതിനകം 80 ശതമാനം പൂര്‍ത്തീകരിച്ചു. കൂരടയിലുള്ള സംഭരണ ടാങ്കിലേക്ക് എട്ട് കിലോമീറ്റര്‍ ദൂരത്തിലേക്ക് ശുദ്ധജല പമ്പിങ് മെയിന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. പമ്പുസെറ്റുകള്‍,  സബ്സ്റ്റേഷന്‍   തുടങ്ങിയവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
പൊന്നാനിയില്‍ 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി കോച്ചിങ് സെന്ററിന് കെട്ടിടം നിര്‍മിക്കാന്‍ ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ ഓഫീസില്‍ കോമ്പൗണ്ടില്‍  50 സെന്റ് സ്ഥലം അനുവദിക്കാനും യോഗം  തീരുമാനിച്ചു. ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ കോമ്പൗണ്ടിലാണ് മൈനോറിറ്റി കോച്ചിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന് കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
യോഗത്തില്‍ കേരള വാട്ടര്‍ അതോറിറ്റി എം.ഡി  വെങ്കിടാചലപതി ഐ.എ.എസ്, കേരളം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ മൊയ്തീന്‍ കുട്ടി, പൊന്നാനി കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മുഹമ്മദ് ഇക്ബാല്‍, കെ.ഡബ്ല്യൂ.എ ടെക്‌നിക്കല്‍ അംഗം, ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date