2018-19 വാര്‍ഷിക പദ്ധതി: അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിച്ചു
ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2018-19 വാര്‍ഷിക പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി ചര്‍ച്ച ചെയ്തു. കരിവെള്ളൂര്‍-പെരളം, ചിറ്റാരിപ്പറമ്പ്, മാലൂര്‍, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തുകളും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമാണ് വാര്‍ഷിക പദ്ധതികള്‍ സമര്‍പ്പിച്ചത്. പദ്ധതികള്‍ വിശദമായി പരിശോധിച്ച ആസൂത്രണ സമിതി, നിര്‍ബന്ധമായും ഏറ്റെടുക്കേണ്ട സംയുക്ത പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ ് നിര്‍ദ്ദേശം നല്‍കി. കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് സംയുക്ത പദ്ധതികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം നല്‍കിയിട്ടുള്ളതായി യോഗം വിലയിരുത്തി.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ നല്ല പരിഗണന നല്‍കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദ്ദേശം നല്‍കി. വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക ആവശ്യങ്ങള്‍ക്കൊപ്പം ജില്ലയുടെ മൊത്തത്തിലുള്ള വികസനം കൂടി മുന്നില്‍ക്കാണണം. ഇതിന്റെ ഭാഗമായാണ് സംയുക്ത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതി, ജില്ലാ ഗെയിംസ് ഫെസ്റ്റ്, വീടുകള്‍ കേന്ദ്രീകരിച്ച് ഇറച്ചിക്കോഴി ഉല്‍പ്പാദനം, വന്യമൃഗശല്യം തടയല്‍, കാന്‍സര്‍ നിയന്ത്രണം, ജലം സുലഭം, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ തുടങ്ങിയവയാണ് സംയുക്ത പദ്ധതികളായി നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന മേഖലകള്‍. ഇക്കാര്യത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അത് തടയുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരാനും ഡി.പി.സി തീരുമാനമെടുത്തു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സമിതി അംഗങ്ങളായ ടി.ടി റംല, എം സുകുമാരന്‍, പി.കെ ശ്യാമള ടീച്ചര്‍, കെ ശോഭ, പി ജാനകി, പി ഗൗരി, സുമിത്ര ഭാസ്‌ക്കരന്‍, ഡി.പി.ഒ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/500/2018
- Log in to post comments