Skip to main content
ശാന്തന്‍പാറ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വ്വഹിക്കുന്നു.

ശാന്തന്‍പാറ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു

 

ശാന്തന്‍പാറ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. ലൈഫ് ഭവന പദ്ധതിയുടെ സമര്‍പ്പണം, ജനകീയ ഹോട്ടല്‍, നവീകരിച്ച  കമ്മ്യൂണിറ്റി ഹാള്‍, ജെന്റര്‍ റിസോഴ്സ് സെന്റര്‍, ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സമര്‍പ്പണം, ദുരന്ത പ്രതികരണ സേന പ്രഖ്യാപനം തുടങ്ങി പഞ്ചായത്ത് ഭരണ സമിതി പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും, സമര്‍പ്പണവുമാണ് മന്ത്രി നിര്‍വഹിച്ചത്. കൊവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ് സമൂഹം. എല്ലാ മഹാമാരികളെയും  മരുന്നുകള്‍ കണ്ടെത്തി പ്രതിരോധിച്ചതാണ് മാനവരാശിയുടെ ചരിത്രം. കൊവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്. മരുന്നുകള്‍ കണ്ടെത്തുന്നതു വരെ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമെ മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളുവെന്നും ശാന്തന്‍പാറ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.  

ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 27.34 ലക്ഷം രൂപ ചിലവിട്ടാണ് കമ്യൂണിറ്റി ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജന്റര്‍ റിസോഴ്സ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പദ്ധതി വിഹിതത്തില്‍ 10 ലക്ഷം രൂപയും ചെലവഴിച്ചു. പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ 140 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 34 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 

ശാന്തന്‍പാറ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി സെല്‍വം, വൈസ്പ്രസിഡന്റ് സേനാപതി ശശി, ഗ്രാമപഞ്ചായത്തംഗങ്ങളായ  പി.റ്റി. മുരുകന്‍, ജിഷാ ദിലീപ്, ശിവശങ്കരി സെന്തില്‍കുമാര്‍, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ റ്റി. ജെ ഷൈന്‍, വനരാജ്, കെ.പി മാത്യൂ,റ്റി.എസ് അജയകുമാര്‍, കെ.ഡി അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date