Skip to main content

മൊബൈല്‍ മെഡിക്കൽ സര്‍വ്വൈലന്‍സ് യൂണിറ്റ് പര്യടനം തുടങ്ങി

======
കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍റെ മെഡിക്കല്‍ സര്‍വ്വൈലന്‍സ് യൂണിറ്റ് പര്യടനം തുടങ്ങി. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താതെ തന്നെ ജനങ്ങള്‍ക്ക് ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനും കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കുന്നതിനുമായാണ് സഞ്ചരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്.

ആശുപത്രികളില്‍നിന്ന് അകലെയുള്ള മേഖലകളിലും കണ്ടെയ്ന്‍മെന്‍റ് സോണുകളിലും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വാഹനം ഒരുക്കിയതിന്‍റെ പ്രധാന ലക്ഷ്യം. ഡോക്ടറും നഴ്സും ലാബോറട്ടറി ടെക്നിഷ്യനും ഈ യൂണിറ്റിലുണ്ട്. പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ മരുന്നുകളും നല്‍കും.

കോവിഡ് ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ക്കും മറ്റു രോഗങ്ങളുടെ പരിശോധനയ്ക്കും സാമ്പിള്‍ ശേഖരിക്കാനും സംവിധാനമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത മേഖലകളിലും കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലുമാണ് മൊബൈല്‍ യൂണിറ്റിന്‍റെ സേവനം പ്രധാനമായും ലഭിക്കുക.

കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. കോവിഡ് സാമ്പിള്‍ കളക്ഷനുവേണ്ടിയുള്ള ജില്ലയിലെ മൂന്നാമത്തെ മൊബൈല്‍ യൂണിറ്റിന്‍റെ ഫ്ളാഗ് ഓഫും കളക്ടര്‍ നിര്‍വഹിച്ചു. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. യശോധരനാണ് ഈ വാഹനം നല്‍കിയത്.

date