Skip to main content
ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്റെ പ്രാദേശിക നിര്‍മ്മാണ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വഹിക്കുന്നു.

ചെമ്മണ്ണാര്‍- ഗ്യാപ് റോഡ് നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു

 

ചെമ്മണ്ണാര്‍-ഗ്യാപ് റോഡ് നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചെമ്മണ്ണാര്‍-ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ പിന്നാക്ക ജില്ലയായ ഇടുക്കിക്ക് സര്‍ക്കാര്‍ പൊതുവിലും പൊതുമരാമത്ത് വകുപ്പ്  പ്രത്യേക മുന്‍ഗണനയും നല്‍കിയിട്ടുണ്ട്. 146.67 കോടി രൂപ വകയിരുത്തി അത്യാധുനിക സാങ്കേതിക വിദ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ചെമ്മണ്ണാര്‍-ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നത്.  ലോകബാങ്കിന്റെ  സഹായത്തോടെ ഇ.പി.സി മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.എം ആന്റ് ബി.സി നിലവാരത്തില്‍ റോഡ് സുരക്ഷക്ക് കൂടി പ്രാധാന്യം നല്‍കിയാണ് റോഡ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
   
വൈദ്യുതി മന്ത്രി എംഎം മണി ്  അധ്യക്ഷത വഹിച്ചു. ചെമ്മണ്ണാര്‍-ഗ്യാപ് റോഡ് നാടിന്റെ പുരോഗതിക്ക് വഴിതെളിക്കുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി എംഎം മണി പറഞ്ഞു.  വിനോദ സഞ്ചാര മേഖലയുടെയടക്കം വികസനം ലക്ഷ്യമിട്ട് ഉടുമ്പന്‍ചോല, ഗ്യാപ്, മൂന്നാര്‍, ദേവികുളം, കുമളി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാം. ഉടുമ്പന്‍ചോല-ദേവികുളം നിയോജകമണ്ഡലങ്ങിലൂടെ കടന്നു പോകുന്ന റോഡ് മണ്ഡലങ്ങളുടെ വികസന മുന്നേറ്റത്തിനും കാരണമാകും. ഉടുമ്പന്‍ചോല-രണ്ടാംമൈല്‍ റോഡ് പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ വികസനവും സാധ്യമാകും. ഗ്രാമീണ റോഡുകളുടെ  നിര്‍മ്മാണമടക്കം ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലും ഉടുമ്പന്‍ചോല  മണ്ഡലത്തിലും  സര്‍ക്കാര്‍ നടപ്പാക്കുന്നത്.  റോഡ് നിര്‍മ്മാണത്തിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.  

ചെമ്മണ്ണാര്‍, രാജക്കാട്, മുല്ലക്കാനം, ജോസ്ഗിരി, 40 ഏക്കര്‍, ബൈസണ്‍വാലി, ചങ്ങനാശ്ശേരിക്കട എന്നിവടങ്ങളിലൂടെ ഗ്യാപ് റോഡില്‍ എത്തി ചേരുന്ന പാതയാണ് നിര്‍മ്മിക്കുന്നത്. 29.9 കിലോമീറ്റര്‍ ദൂരമുള്ള ചെമ്മണ്ണാര്‍- ജോസ്ഗിരി- ഗ്യാപ് റോഡ് നിര്‍മ്മാണത്തിന്  146.67 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബി.എം ആന്റ് ബി.സി സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന റോഡില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി, കലുങ്കുകള്‍, ഡ്രെയിനേജ് തുടങ്ങിയവയും നിര്‍മിക്കും. രണ്ടു ചെറിയ പാലങ്ങളുടെ വീതി കൂട്ടല്‍, 963 മീറ്റര്‍ നീളത്തില്‍ ഹാന്‍ഡ് റെയില്‍, 24.387 കിലോ മീറ്റര്‍ നീളത്തില്‍ ക്രാഷ് ബാരിയര്‍, 13 പ്രധാന ജംഗ്ഷനുകളുടെയും 35 ചെറിയ ജംഗ്ഷനുകളുടെയും നവീകരണം, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിംഗ്, ദിശാസൂചനാ ബോര്‍ഡുകള്‍, വേഗത നിയന്ത്രണ സംവിധാനം എന്നിവയും ആധുനിക റോഡ് നിര്‍മ്മാണത്തിനോടനുബന്ധിച്ച് നടപ്പാക്കും.    

ചെമ്മണ്ണാര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉദ്ഘാടന യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ മുരുകേശന്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ്, ഉടുമ്പന്‍ചോല ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍.പി സുനില്‍ കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.എന്‍ മോഹനന്‍, സി.വി ജോയ്, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിനി മാത്യു എന്നിവര്‍ സംസാരിച്ചു.
 

date